KeralaNews

കൊവിഡ് കേസുകൾ ഉയരുന്നു;1185 പേർക്ക് രോഗം,അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. നിലവില്‍ 1039 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 100 നും 150നും ഇടയിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1185 പേരാണ്. ഇതിൽ ഏറെയും പേര്‍ കേരളത്തിലാണ് .

കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ 1 ആണ് കേസുകൾ ഉയരാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം. ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. നേരത്തേ അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു.

രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ഇവയ്ക്ക് വളരെ എളുപ്പത്തിൽ സാധിക്കുമെന്നാണ് നേരത്തേ വിദഗ്ദർ മുന്നറിയിപ്പ് നൽകിയത്. ‘ജെഎൻ 1 പുതിയ വകഭേദമല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് പുതിയ വകഭേദമാണ്. ആഗോളതലത്തിൽ 38 രാജ്യങ്ങളിൽ ഇത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ, പോർച്ചുഗൽ, യുഎസ് അടക്കമുള്ള രാജ്യങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്’, സാംക്രമിക രോഗ വിദഗ്ധനായ ഡോ. ഈശ്വർ ഗിലാഡ പറഞ്ഞു.

മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ. എന്നാൽ അസുഖം കൂടുതൽ തീവ്രമായേക്കില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ വലിയ ആശങ്ക വേണ്ടതില്ലെന്നും ഇവർ പറയുന്നു.

കോവിഡ് -19 വാക്സിനുകൾ BA. 2.86 ന് എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ഗിലാഡ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button