ആശങ്കപ്പെടുത്തുന്ന ആ വാക്കുകള്‍ക്ക് വിട; ഫോണ്‍ വിളിക്കുമ്പോള്‍ ഇനി പ്രതീക്ഷയുടെ സ്വരം

കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ആശങ്കപ്പെടുത്തുന്ന വാക്കുകള്‍ക്ക് വിട. കൊവിഡ് വാക്‌സിന്റെ വരവോടെ പുതിയ സന്ദേശം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍.

‘നമസ്‌കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കൊവിഡ് 19 വാക്‌സിന്‍ എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്പോള്‍ ഇനി കേള്‍ക്കുക. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ സന്ദേശം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പുതിയ സന്ദേശത്തിലെ ശബ്ദവും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കൊവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നല്‍കിയത്. എന്നാല്‍, പിന്നീടു കേന്ദ്രനിര്‍ദേശ പ്രകാരം സന്ദേശം പരിഷ്‌കരിച്ചു മാറ്റി.

പുതിയ സന്ദേശവും കേന്ദ്ര നിര്‍ദേശം അനുസരിച്ചുള്ളതാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ വിഭാഗം ജനറല്‍ മാനേജര്‍ സാജു ജോര്‍ജ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി.കെ.സജീവ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സന്ദേശം മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News