30 C
Kottayam
Thursday, May 2, 2024

സംസ്ഥാനം സാമൂഹിക വ്യാപനത്തിനരികെ ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്നും ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണമെന്നും അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തില്‍ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു

കോവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടം. സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിതെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കെത്താന്‍ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്യനാടും രോഗവ്യാപനത്തിന്റെ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങള്‍ ആശ്വസിക്കേണ്ടതില്ലെന്നും ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇതെന്നും പിണറായി പറഞ്ഞു.

ആരെങ്കിലും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നേണ്ടതില്ല. നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്തുള്ള രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കര്‍ശനമായി പാലിക്കണം. വലിയ ആള്‍ക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകള്‍ രോഗബാധിതരാണെങ്കില്‍ എല്ലാവരെയും അത് ബാധിക്കും. അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week