കോഴിക്കോട്: മുക്കത്ത് യുവതി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കല്‍പ്പായി പുല്‍പ്പറമ്പില്‍ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭര്‍ത്താവ് കല്ലുരുട്ടി കല്‍പ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടില്‍ ദിവ്യ (33) എന്നിവരെ കോഴിക്കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ജഡ്ജി കെ അനില്‍കുമാര്‍ ആണ് വിധിപുറപ്പെടുവിച്ചത്. അതേസമയം, പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2019 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് നീനയെ ഭര്‍ത്താവ് പ്രജീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് നീന ഭര്‍തൃവീട്ടിലെ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മുക്കം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, കെ മുഹസിന എന്നിവര്‍ ഹാജരായി.