പൃഥ്വിരാജിന്റെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത്. ലഹരി സ്റ്റാമ്പുകളും കൊക്കെയ്നുകളുമുള്‍പ്പെടെ മാരക മയക്കുമരുന്നുകളാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെന്ന് മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

തേവര മാളിയേക്കല്‍ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്മെന്റിലെ നാലാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്.

എറണാകുളം എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, മുറിയില്‍ നിന്നും കൊക്കെയ്നും എല്‍എഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവും അടക്കമുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതോടെ, എക്സൈസ് സംഘം പൃഥ്വിരാജുമായി ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെ, ഉദ്യോഗസ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചു. എന്നാല്‍, യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി.

പുനലൂരിലെ അറിയപ്പെടുന്ന പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് പിടിയിലായ യുവാവെന്നാണ് എക്സൈസ് സംഘം അറിയിച്ചിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ്, ഇയാളുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ മലയാളത്തിലെ മെഗാസൂപ്പര്‍ സ്റ്റാറും മകനും പങ്കെടുത്തിരുന്നതായും വിവരമുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News