‘പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുന്നു’; യു.ഡി.എഫിനെതിരെ മാണി സി കാപ്പന്‍

കോട്ടയം: ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍ സി കെ) നേതാവുമായ മാണി സി കാപ്പന്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പന്‍, മുന്നണിയിലെ നിലവിലെ സ്ഥിതിയില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എന്‍സിപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കാപ്പന്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമര്‍ശനങ്ങള്‍.

വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാന്‍ തയ്യാറായില്ലെന്നും എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നുണ്ട്.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും കാപ്പനും മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് കാപ്പന്‍ എല്‍ഡിഎഫിലേക്ക് തിരികെ എത്തിയേക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്. എല്‍ഡിഎഫില്‍ തിരികെയെത്തിയാല്‍ കാപ്പന് പവാര്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും പ്രചാരണമുണ്ടായി. ഇതോടെയാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായ കാര്യമാണെന്നും എല്‍ഡിഎഫിലേക്ക് തിരികെപ്പോകില്ലെന്നും വിശദീകരിച്ച് കാപ്പന്‍ തന്നെ രംഗത്തെത്തിയത്.

അതേസമയം മാണി സി. കാപ്പനെ എല്‍.ഡി.എഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News