കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടികിട്ടാൻ കസ്റ്റംസ് നൽകിയ അപേക്ഷ കോടതി തള്ളി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അർജുൻ ആയങ്കിയേയും ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയിരുന്നു. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടികിട്ടണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാൽ ഈ അപേക്ഷയാണ് കോടതി തള്ളിയത്.
അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. സ്വർണക്കടത്തിന് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണമുണ്ട്. കൂടുതൽ അന്വേഷണത്തിനായി ടി.പി കേസിൽ പരോളിലുള്ള പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം നാളെ അർജുൻ ആയങ്കിയേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
കേസിൽ നേരത്തെ ഏഴ് ദിവസം കസ്റ്റഡി അനുവദിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും ഈ ദിവസം മതിയാവും. വീണ്ടും കസ്റ്റഡി അനുവദിക്കേണ്ടതിന്റെ ആവശ്യങ്ങൾ വ്യക്തമായി ബോധിപ്പിക്കാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നാണ് കോടതി പ്രതികരിച്ചത്. അർജുൻ ആയങ്കിയെ എറണാകുളത്തെ ജില്ലാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. ഇതോടെ നാളെ മുഹമ്മദ് ഷാഫിയേയും അർജുൻ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ സാധിക്കില്ല.
അതേസമയം കസ്റ്റഡിയിൽ തന്നെ കസ്റ്റംസ് മർദിച്ചതായി അർജുൻ ആയങ്കി കോടതിയെ അറിയിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് മർദനമുണ്ടായത്. അഞ്ചാം നിലയിൽ വെച്ചാണ് മർദനമുണ്ടായതെന്നും അർജുൻ ആയങ്കി കോടതിയെ അറിയിച്ചു