
മുംബൈ: പോക്സോ കേസിൽ പ്രതിയായ 24കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് യുവാവിനെ കോടതി വെറുതെവിട്ടത്. പെൺകുട്ടി തന്നോടൊപ്പം സ്വമേധയാ മൂന്ന് രാത്രിയും നാല് പകലും താമസിച്ചിരുന്നുവെന്നും പ്രണയത്തിലായിരുന്നെന്നും സമ്മതത്തോടെണ് ബന്ധപ്പെട്ടതെന്നും യുവാവ് പറഞ്ഞു.
തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്നതിൽ സംശയമില്ല. പക്ഷേ, പെൺകുട്ടിക്ക് അവളുടെ പ്രവൃത്തികളുടെയും അവൾ ചെയ്യുന്നതിന്റെയും പൂർണമായ അർത്ഥം അറിയാൻ അറിവും ശേഷിയും ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവ് പറഞ്ഞു.
കൂടാതെ, അഞ്ച് വർഷത്തിലേറെയായി വിചാരണ തടവുകാരനായി ജയിലിലായിരുന്നുവെന്നും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2019-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതിക്ക് 19 വയസ്സാണ് പ്രായം. തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും ഐപിസി, പോക്സോ നിയമപ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. പ്രതിക്കുവേണ്ടി അഭിഭാഷകൻ പ്രേം പാണ്ഡെയും പെൺകുട്ടിയുടെ പിതാവിനുവേണ്ടി നിയമസഹായ അഭിഭാഷകൻ മനീഷ ദേവ്കറും ഹാജരായി. പിതാവിന്റെയും മകളുടെയും മൊഴികളിൽ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടിക്ക് അന്ന് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അവളുടെ സമ്മതം പ്രശ്നമല്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത അഭിഭാഷകന് വ്യക്തമാക്കി. എന്നാൽ മെഡിക്കൽ പരിശോധനയ്ക്കിടെ പെൺകുട്ടി നൽകിയ മൊഴി പ്രതിയുമായുള്ള അവളുടെ അടുപ്പം വ്യക്തമാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. രണ്ട് വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ഇരുവരും ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്നും അവളുടെ പ്രവൃത്തികളെക്കുറിച്ച് അറിയാമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞതായി കോടതി വ്യക്തമാക്കി.
പ്രതിയുമായുള്ള അവളുടെ പ്രണയബന്ധം അവളുടെ പിതാവിന് അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു. പോക്സോ നിയമത്തിലെ വ്യവസ്ഥകൾ കർശനമാണെങ്കിലും, നീതി ഉറപ്പാക്കാൻ ജാമ്യം നൽകുന്നതിനോ നിരസിക്കുന്നതിനോ കോടതിയെ തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.