‘മരട് 357’ ചിത്രത്തിന്‍റെ റിലീസ് കോടതി തടഞ്ഞു; ട്രെയ്‍ലറുകളും റിലീസ് ചെയ്യരുത്

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ‘മരട് 357’ എന്ന ചിത്രത്തിന്‍റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ചിത്രത്തിന്റെ ട്രെയ്‍ലറുകളോ മറ്റു ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്‍റെ വിചാരണയെ ബാധിക്കുമെന്നും നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.

ഈ മാസം 19ന് ‘മരട് 357’ തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News