കൊച്ചി: താരസംഘടനയായ അമ്മ ഭരണസമിതിയിലെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക്. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് നടപടി. ശ്വേതാ മേനോന്‍ പ്രസിഡന്റായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ശ്വേതാ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞദിവസം ശ്വേതാ മേനോന്‍ ഔദ്യോഗികമായി രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്‌ഹോക് കമ്മിറ്റിയംഗമായ കെ.ബി. ഗണേഷ് കുമാര്‍ ശ്വേതാ മേനോനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തള്ളി ശ്വേതാ മേനോനും രംഗത്തെത്തി. തുടര്‍ന്നാണ് ശ്വേത കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 21-ന് കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ശ്വേതാ മേനോന്‍ രാജി പ്രഖ്യാപിച്ചത്. യോഗത്തില്‍ നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവുചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്നും പാസാക്കാന്‍ കഴിയില്ലെന്നും അംഗങ്ങളില്‍ ചിലര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാര്‍ഥികളെ നല്‍കാന്‍ ശ്രമിച്ചുവെന്ന് ബാബുരാജ് ആരോപണം ഉയര്‍ത്തിയതോടെ ശ്വേത സംഘടനാ അംഗത്വം തന്നെ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നും രാജി പ്രഖ്യാപിച്ചു.
തുടര്‍ന്നാണ് ജനറല്‍ ബോഡി രമേഷ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള താത്കാലിക സമിതിയെ ഭരണനിര്‍വഹണത്തിനായി നിയോഗിച്ചത്. നാലുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേല്‍ക്കുംവരെ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കി. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അമ്മ ഓഫീസിലെത്തി കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശ്വേത ഉള്‍പ്പെടെയുള്ളവര്‍ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന് വ്യക്തമായത്.
ശ്വേത നേതൃത്വം നല്‍കിയ ഭരണസമിതിയില്‍ കുക്കു പരമേശ്വരന്‍ ആയിരുന്നു ജനറല്‍ സെക്രട്ടറി. ജയന്‍ ചേര്‍ത്തല (വൈസ് പ്രസിഡന്റ്), ലക്ഷ്മിപ്രിയ (വൈസ് പ്രസിഡന്റ്), അന്‍സിബ ഹസന്‍ (ജോയിന്റ് സെക്രട്ടറി), ഉണ്ണി ശിവപാല്‍ (ട്രഷറര്‍) എന്നിവര്‍ മറ്റ് ഭാരവാഹികളും. കൈലാഷ്, സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരുന്നു.
അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് അമ്മയിലെ തര്‍ക്കം പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടര്‍ന്ന് ട്രഷറര്‍ ഉണ്ണി ശിവപാലിനെ മാറ്റി നിര്‍ത്തിയിരുന്നു. കൈലാഷ്, ജോയ് മാത്യു, ജയന്‍ ചേര്‍ത്തല എന്നിവര്‍ കഴിഞ്ഞ ദിവസം രാജിയും നല്‍കി.


