കൊല്ലം ഹോട്ടലില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കൊല്ലം: ഹോട്ടലില്‍ റൂമെടുത്ത് ദമ്പതിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ ചികിത്സയിലാണ്. ആദിച്ചനല്ലൂര്‍ സ്വദേശി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയുട്ടുള്ള അനില്‍ കുമാര്‍ ആണ് മരിച്ചത്. ഭാര്യ ബീനയെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദമ്പതിമാര്‍ വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇവര്‍ വിഷം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചിപ്പിക്കുന്നു.

ദമ്പതിമാര്‍ ജൂലായ് ഒന്നിന് കൊല്ലം നഗരത്തിലെ ഒരു ഹോട്ടലില്‍ റൂമെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടല്‍ ഒഴിയേണ്ടതായിരുന്നുവെങ്കിലും, രാവിലെ മുതല്‍ ആരും മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.

പലതവണ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമില്ലാതായപ്പോള്‍, ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് തുറന്നപ്പോള്‍ അനില്‍ കുമാര്‍ മരിച്ച നിലയിലും ബീന അബോധാവസ്ഥയിലും മുറിക്കുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനില്‍ കുമാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

ബീനയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, അവര്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News