നക്ഷത്ര ആമയുമായി ദമ്പതികള്‍ പിടിയില്‍

മറയൂര്‍: പാമ്പാറിന് തീരത്തു നിന്ന് ലഭിച്ച നക്ഷത്ര ആമയുമായി രണ്ടുപേര്‍ പിടിയില്‍. മറയൂര്‍ ഇന്ദ്രകോളണി സ്വദേശി മുരുകന്‍ (55), ഭാര്യ കവിത (33) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുരുകന്റെ വീട്ടില്‍ ബക്കറ്റിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ ആമയെ കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് ചിന്നാര്‍ വന്യജീവി സങ്കേതത്തിന് സമീപം പാമ്പാറിന് തീരത്ത് വിറക് ശേഖരിക്കാനെത്തിയപ്പോഴായിരുന്നു കവിതക്ക് നക്ഷത്ര ആമയെ കിട്ടിയത്. തുടര്‍ന്ന് വീട്ടിലെത്തിച്ച് ഭര്‍ത്താവ് മുരുകന്‍ വില്‍പനക്കൊരുങ്ങവെയാണ് പിടിയിലായത്. ഏകദേശം ആറ് വയസ്സുള്ള പെണ്‍ നക്ഷത്ര ആമയാണിതെന്നും പൂര്‍ണ ആരോഗ്യത്തോടെയാണുള്ളതെന്നും വനപാലകര്‍ പറഞ്ഞു.

ആര്‍.എഫ്.ഒ ബി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഡി.എഫ്.ഒ എസ്. ഇന്ദ്രജിത്ത്, എം.ജി. വിനോദ് കുമാര്‍, ബി.എഫ്.ഒമാരായ പി.ആര്‍. ഹരികുമാര്‍, കെ. രാമകൃഷ്ണന്‍, അശ്വിന്‍ വിക്രമന്‍, എസ്.എഫ്.ഒ എല്‍ബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News