വാഷിംഗ്ടണ്‍ ഡിസി: ചൈനയുടെ കൊവിഡ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ആശങ്ക. ഈ രാജ്യങ്ങളില്‍ സമീപകാലത്തായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വീണ്ടും ശക്തമാകുന്നത്.
ഈ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്‌സിന്‍ നല്‍കിയാണ്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളില്‍ കൊവിഡ് കണക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ചൈനീസ് വാക്‌സിന്‍ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ചൈനയുടെ വാക്സിനുകള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് പല രാജ്യങ്ങളും ഇവയെ ആശ്രയിക്കാന്‍ കാരണം.