27.9 C
Kottayam
Saturday, April 27, 2024

ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിവാഹ ചടങ്ങുകള്‍ കാണാം, സല്‍ക്കാര പൊതികള്‍ വീട്ടിലെത്തി; കൊറോണ കാലത്തെ വേറിട്ട വിവാഹം

Must read

തൃശൂര്‍: കൊവിഡ് കാലത്ത് പ്രോട്ടോക്കോള്‍ ഒന്നും തെറ്റിക്കാതെ വേറിട്ട ഒരു കല്ല്യാണത്തിന് സാക്ഷികളായിരിക്കുകയാണ് മൂഴിക്കുളത്തുകാര്‍. മൂഴിക്കുളം ശാലാ സ്ഥാപകന്‍ ടി ആര്‍ പ്രേംകുമാറിന്റെ മകന്റെ വിവാഹമാണ് വ്യത്യസ്തമായ രീതിയില്‍ കൊണ്ടാടിയത്. പ്രേംകുമാറിന്റെ മകന്‍ വിവേകും കോയമ്പത്തൂര്‍ സ്വദേശി നിഷയും തമ്മിലുള്ള വിവാഹമായിരുന്നു നടന്നത്.

40-ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ഈ വിവാഹം അയല്‍പക്കത്തെ 150 കുടുംബങ്ങളാണ് കണ്ടത്, അതും അവരുടെ വീട്ടിലിരുന്നുതന്നെ. പതിവില്‍ നിന്ന് വ്യത്യസ്തമായ വൈവിധ്യമാര്‍ന്ന ഭക്ഷണയിനങ്ങളോടു കൂടിയ സത്കാരത്തിലും ഇവര്‍ പങ്കാളികളായി.

കൊവിഡ് സാഹചര്യത്തില്‍ വീട്ടില്‍ നടക്കുന്ന സത്കാരത്തില്‍ അയല്‍ക്കാരെ പങ്കെടുപ്പിക്കാനാവാത്തതിനാല്‍ പ്രേംകുമാര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഈ കല്ല്യാണത്തിലെ പ്രത്യേകത. കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണത്തിന്റെ പ്രചാരകനായ പ്രേംകുമാര്‍ അയല്‍പക്കത്തെ വീടുകളിലേക്ക് സത്കാരപ്പൊതിയെത്തിച്ചാണ് ഇതിന് പ്രതിവിധി കണ്ടെത്തിയത്. ഓറഞ്ച്, പേരയ്ക്ക, ആപ്പിള്‍, കദളിപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, പച്ചക്കറിവിത്ത്, റാഗി ഉണ്ട, കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള കൈപ്പുസ്തകം, പാളകൊണ്ട് നിര്‍മിച്ച ലില്ലിപ്പൂവ് എന്നിവയായിരുന്നു സത്കാരപ്പൊതിയില്‍.

ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ പേപ്പര്‍ ബോക്‌സില്‍ നവദമ്പതിമാരുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിവാഹച്ചടങ്ങ് കാണാനാഗ്രഹമുള്ളവര്‍ക്ക് ചടങ്ങുകള്‍ കാണാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week