മൊബൈല്‍ ഫോണില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠനം

ബ്രിസ്ബെയ്ന്‍: കൊറോണ വൈറസിന് ബാങ്ക് നോട്ടുകള്‍, ഫോണ്‍ തുടങ്ങിയ വസ്തുക്കളുടെ ഉപരിതലത്തില്‍ 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠനം. ഓസ്ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി (സിഎസ്ഐആര്‍ഒ) യുടേതാണ് പഠനം.

ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ കൊറോണ വൈറസിന് എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുന്നതിന് വേണ്ടി സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്. മഹാമാരിയുടെ ഏറ്റവും ഉയര്‍ന്ന നിലയെ പ്രതിനിധീകരിക്കുന്ന നിരക്കില്‍ വെറസിനെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങും. കൂടാതെ, ഈര്‍പ്പം വര്‍ധിക്കും തോറും വൈറസിന്റെ അതിജീവനശേഷി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയാനാവില്ലെന്ന് ഓസ്ട്രേലിയല്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു. എന്നാല്‍ ഈ വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അവയെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുകയും ചെയ്താല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News