റാന്നി: റാന്നി താലൂക്കാശുപത്രിയില്‍ പനി അടക്കമുള്ള രോഗലക്ഷണവുമായി എത്തിയ മധ്യവയസ്‌കനോടു പരിശോധിച്ച ഡോക്ടര്‍ ചോദിച്ച ചോദ്യമാണ് കൊറോണ രോഗികളെ കണ്ടെത്താന്‍ സഹായിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ ഐത്തല സ്വദേശിയുടെ സഹോദരനാണ് കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയില്‍ പനിക്കു ചികിത്സ തേടിയെത്തിയത്.
പരിശോധിച്ച ഡോക്ടര്‍ പനിയുണ്ടാകാനുള്ള കാരണം തിരക്കിയ കൂട്ടത്തില്‍ രോഗി വിദേശത്തുനിന്നു വന്നതാണോയെന്നു ചോദിച്ചു. അല്ലെന്നായിരുന്നു മറുപടി. അയല്‍പക്കത്ത് ആരെങ്കിലും അടുത്ത ദിവസങ്ങളില്‍ വിദേശത്തുനിന്നു വന്നിട്ടുണ്ടോയെന്നായി ഡോക്ടര്‍. സഹോദരനും ഭാര്യയും മകനും കഴിഞ്ഞ ദിവസം ഇറ്റലിയില്‍നിന്നു വെന്നന്നും അവര്‍ പനിയെത്തുടര്‍ന്നു റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മരുന്നുവാങ്ങിയെന്നും രോഗി ഡോക്ടറോടു പറഞ്ഞു.
അതോടെ കോവിഡ് 19 സംശയിച്ച ഡോക്ടര്‍, രോഗിയെ പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസാലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയും രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പരിശോധനാ ഫലം പോസിറ്റീവായി. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളില്‍ ഭാര്യ വെള്ളിയാഴ്ച രാത്രി റാന്നി മാര്‍ത്തോമ്മാ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്നു വന്നതാണെന്ന വിവരം ആശുപത്രി അധികൃതരോടു പറഞ്ഞില്ലെന്ന് ആരോപണമുണ്ട്. ഇവരെ പിന്നീട് ആരോഗ്യവകുപ്പധികൃതരാണ് ആശുപത്രിയിലേക്കു മാറ്റിയത്.