കോഴിക്കോട്:മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി തങ്ങളുടെ രാമക്ഷേത്ര അനുകൂല പ്രസ്താവനയ്ക്കെതിരെ ഐഎന്എല് ജനറല് സെക്രട്ടറി കാസിം ഇരിക്കൂർ. സാദിഖ് അലിയുടെ പ്രസംഗ വീഡിയോ ശത്രുക്കൾ അഷ്ടദിക്കുകളിലേക്കും പ്രസരിപ്പിക്കാൻ തുടങ്ങിയതോടെ ഉറക്കം പോയത് സമുദായ നേതൃത്വത്തിന്റേതാണ് അദ്ദേഹത്തിന് ആരെയാണ് തൃപ്തിപ്പെടുത്തേണ്ടതെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിലൂടെ പറയുന്നു.
സാദിഖ് അലിയുടെ രാമക്ഷ്വേത്ര പ്രകീർത്തനവും സംഘ്പരിവാർ േപ്രമമവും മനസ്സിെൻറ വിശാലത കൊണ്ടല്ല, ഇ.ഡിയെ ഭയന്നുള്ള ഇടുങ്ങിയ ചിന്ത കൊണ്ടാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. എആർ നഗർ ബാങ്കിലെ നിക്ഷേപത്തിന് സമുദായമൊന്നടങ്കം ഒടുക്കേണ്ടിവരുന്ന പിഴ ചില്ലറയൊന്നുമല്ല. ഒന്നേ ചോദിക്കാനുള്ള തങ്ങളേ, രാജ്യം മുഴുവൻ ഹിന്ദുത്വ വർഗീയതയാൽ ആളിക്കത്തിക്കുമ്പോൾ തന്നെ വേണോ ഈ അടിമവേലയും വിധേയത്വമനസ്സും പൂത്തിരിക്കത്തിക്കലുമൊക്കെയെന്നും കാസി ഇരിക്കൂർ ചോദിക്കുന്നു.
കാസിം ഇരിക്കൂറിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
‘സ്വാദിഖ് അലിതങ്ങളേ.. വർഗീയത കത്തുമ്പോൾ തന്നെ വേണോ ഈ പൂത്തിരി കത്തിക്കൽ’
സംഘ്പരിവാർ വർഗീയാഗ്നിയിൽ മതേതര ഇന്ത്യ കത്തിച്ചാമ്പലാവാൻ പോവുകയാണോ എന്ന ഉത്ക്കണ്ഠയിൽ ന്യൂനപക്ഷങ്ങൾ ഉള്ളുനീറുന്ന വേദനയോടെ ദിനരാത്രങ്ങൾ തള്ളനീക്കുമ്പോഴാണ് രാജ്യത്തെ മതേതര വിശ്വാസികളെ ഒന്നടങ്കം ആഹ്ലാദിപ്പിക്കുന്ന ദിവ്യവചനങ്ങൾ കടലുണ്ടിപ്പുഴയുടെ ഓരത്തനിന്നും ഉയർന്നുകേൾക്കുന്നത്്. ബാബരിക്കു ശേഷം കാശിയിലെ ഗ്യാൻവാപിയും മഥുരയിലെ ഷാഹി മസ്ജിദും താജ്മഹലും കുത്തബ്മീനാറുമൊക്കെ ഹിറ്റ്ലിസ്റ്റിൽപ്പെടുത്തി മുസ്ലിം സംസ്കാരിക ചിഹ്നങ്ങളുടെ ഉന്മൂലനം ആർ.എസ്.എസ് നടപ്പാക്കുമെന്ന് അറിഞ്ഞതോടെ പാണക്കാട് സ്വാദിഖലി തങ്ങൾ തുറന്നമനസ്സോടെ സംഘ് അജണ്ടകളെ സ്വാഗതം ചെയ്യുന്നത് കേൾക്കാൻ എന്തൊരു ചേലാണ്!
”രാമക്ഷേത്രത്തിൽനിന്ന് പിറകോട്ട് പോകാൻ രാജ്യത്തിന് സാധിക്കില്ല. അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിെൻറ ആവശ്യമാണ്. അത് അയോധ്യയിൽ നിലവിൽ വന്നു. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല” -എന്തൊരു രാമഭക്തി! എന്തൊരു അവലോകന പാടവം! പള്ളി പൊളിച്ച് ക്ഷേത്രം പണിയണമെന്നത് ‘ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിെൻറ ആവശ്യമാണെത്ര. ഏതാണീ ബഹുഭൂരിപക്ഷം? ആർ.എസ്.എസ്കാരെ കുറിച്ചാണോ ലീഗ് നേതാവ് ഇങ്ങനെ വർണിക്കുന്നത്? യഥാർഥ രാമഭക്തരെയും രാഷ്ട്രീയ രാമനെ തെരുവിലിറക്കി അധികാരം പിടിച്ചെടുക്കാൻ ആക്രമണോൽസുകരായ സംഘികളെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണോ ഈ വാചാടോപങ്ങളുടെ പ്രചോദനം?
എന്തായാലും ഈ രാഷ്ട്രീയ വിവരക്കേട് സമുദായ പാർട്ടിയെ എവിടെ കൊണ്ടെത്തിക്കും എന്ന ചോദ്യമാണ് നാനാഭഗത്തുനിന്നും ഉയരുന്നത്. സാദിഖലിയുടെ പ്രസംഗ വീഡിയോ ശത്രുക്കൾ അഷ്ടദിക്കുകളിലേക്കും പ്രസരിപ്പിക്കാൻ തുടങ്ങിയതോടെ ഉറക്കം പോയത് സമുദായ നേതൃത്വത്തിേൻറത്. എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്. സ്വാദിഖലിക്ക് ആരെയാണ് തൃപ്തിപ്പെടുത്തേണ്ടത്?. ഡൽഹി ഭരിക്കുന്ന നരേന്ദ്രമോദിയെയാണോ? അതല്ല, നാഗ്പൂരിലിരുന്ന് ഇ.ഡി കൈമാറേണ്ട ലിസ്റ്റ് തയാറാക്കുന്ന ആർ.എസ്.എസ് ഏമാന്മാരെയോ? അതുമല്ല, മതേതരത്തിെൻറ മൊഞ്ചുള്ള മുഖം മിനുക്കാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനോ ഈ പൊട്ടൻകളി? എന്തുതന്നെയായാലും സ്വസമൂഹത്തെ ഒറ്റിക്കൊടുക്കുന്ന, മതേതര മുഖ്യധാരയുടെ നട്ടെല്ലിന് നീട്ടിച്ചവുട്ടുന്ന അൽപം കടന്നകൈയായിപ്പോയി നിരർഥകമായ ഈ ഗീർവാണങ്ങൾ.
പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിതതിൽ ആരും പ്രതിഷേധിച്ചുപോകരുതെന്നും സംഘ്പരിവാറിനെ അവരുടെ ഇംഗിതങ്ങൾക്കൊത്ത് വിഹരിക്കാൻ വിടുകയാണ് വേണ്ടതെന്നുമുള്ള ഉപദേശം യഥാർഥത്തിൽ ജീവൻ കൊടുത്തും വർഗീയ ഫാഷിസത്തിനെതിരെ പൊരുതുന്ന ശുദ്ധ മതേതര വിശ്വാസികൾക്കുള്ള പിന്നിൽനിന്നുള്ള കുത്താണ്. വിവരക്കേട് വി്മ്പുന്ന ഇത്തരം നേതാക്കൾക്കെതിരെ പരസ്യമായി തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനെ കുറിച്ചാണ് സകലരും ചിന്തിക്കുന്നത്. അത് മുൻകൂട്ടി കണ്ടാണ ്സാദീഖലിമോനെവാരിക്കോരിയെടുത്ത് രക്ഷപ്പെടുത്താൻ സാക്ഷാൽ കുഞ്ഞാപ്പ തന്നെ കളരിയിലിറങ്ങിയിരിക്കുന്നത്. ആർക്കുവേണ്ടിയാണ് ലീഗധ്യക്ഷൻ കാവിനേതൃത്വത്തെ സോപ്പിടുന്നതെന്ന് അറിയുന്ന നേതാക്കൾ തല കുനിച്ച് ഈറിച്ചിക്കുന്നുണ്ടെത്ര. മന്ത്രിച്ച് പോകാത്ത മുസീബത്ത് ഇത്തരം തന്ത്രങ്ങളിലൂടെയെങ്കിലും അകറ്റിക്കളയേണ്ടേ?
”കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമിക്കാൻ കാത്തിരിക്കുന്ന ബാബരി മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്” -ആദരവായ തങ്ങളേ, നിങ്ങളുടെ ൈപ്രവറ്റ് സെക്രട്ടറി നാഗ്പൂർ ഹെഡ്ഗേവാർ ഭവനിലിരുന്നാണോ പ്രസംഗമെഴുത്തിൽ പരിശീലനം നേടിയത്? എത്ര സൂക്ഷ്മതയോടെയാണ് വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രം’ എന്ന ഒരൊറ്റ വാചകം കൊണ്ട് ബാബരിപ്പള്ളി നിഷ്ഠൂരം തകർത്തെറിഞ്ഞ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഒരു അധ്യായത്തെ എത്ര സമർഥമായാണ് വിട്ടുകളഞ്ഞത്. 1949 ഡിസംബർ 23ന് തൊട്ട് 1992 ഡിസംബർ 6 വരെയുള്ള, രക്തപങ്കിലമായ ആർ.എസ്.എസ് പേക്കൂത്തുകളെ തമസ്രിക്കുന്നുവെന്ന് മാത്രമല്ല, ഉന്നത നീതിപീഠം കൽപിച്ചത് കൊണ്ട് മാത്രമാണ് രാമക്ഷേത്രം കെട്ടിപ്പടുത്തതെന്ന് തെറ്റിദ്ധരിപ്പിക്കാനും മന$പ്പർവം ശ്രമിക്കുകയല്ലേ? ആരെയാണ് തങ്ങൾ വഞ്ചിക്കുന്നത്. ബാബരിയെന്ന് കേൾക്കുമ്പോൾ ഹൃദയവേദനയോടെ മൂന്നു മിനാരങ്ങളുടെ ചിത്രങ്ങൾ മനസ്സിനകത്ത് കൊണ്ടുനടക്കുന്ന സാധാരണക്കാരായ മുസ്ലിം വിശ്വാസസമൂഹത്തെയല്ലേ?
ഹൈദരാബാദ് ആക്ഷൻ കാലത്ത് ദേശസ്നേഹത്തിെൻറ ഉദാത്ത ഭാവങ്ങൾ വിരിയിച്ച്, മതനിരപേക്ഷ ചേരിയിൽ കാലിടറാതെ നിന്ന പൂക്കോയ തങ്ങളുടെ പർണശാലയിൽനിന്ന് സമുദായവഞ്ചനയുടെ ലജ്ജാവഹമായ അവതാരമോ? സങ്കടമുണ്ട് സത്യം വിളിച്ചുപറയേണ്ടിവന്നതിൽ. 2500 കോടി സംഭരിച്ച് രാമക്ഷേത്രം പടുത്തുയുർത്തുന്നതിടയിൽ, അയോധ്യയിൽ വാസ്തുഹാരകളായി മാറിയ ഒരു സമൂദായത്തിെൻറ കണ്ണീരൊപ്പാൻ പള്ളിയുടെ പേരിൽ ഒരു ഇഷ്ടിക പോലും പാവാൻ കൂട്ടാക്കാത്ത ആർ.എസ്.എസ് ഭരണകൂടത്തിെൻറ ഭാഷ്യം കടമെടുത്താണ് ക്ഷേത്രവും പള്ളിയും മതേതരത്വത്തിെൻറ ഉത്തമോദാഹരണമാണെന്ന് തങ്ങൾ തട്ടിവിടുന്നത്.
ആർക്കും വേണം ഹിന്ദുത്വവാദികൾ ശത്രുസംഹാര പൂജ നടത്തി കെട്ടിപ്പടുക്കുന്ന പള്ളി? അതുപോലുള്ള ആയിരക്കണക്കിന് പള്ളികൾ പടുത്തുയർത്താനും പരിലാളിക്കാനും കെൽപുള്ളവരാണ് ഇന്ത്യയിലെ മുസ്ലിംകളെന്ന് തിരിച്ചറിയാനെങ്കിലും ഖാളീഖുളാത്തായ സ്വാദിഖലി തങ്ങൾ പഠിക്കണം. സ്വന്തം സ്വത്വം പണയം വെച്ച് വർഗീയവാദികളുടെ മുന്നിൽ നമ്രശിരസ്കരായി വീഴുകയാണ് മതേതരത്വമെന്ന് തെറ്റിദ്ധരിച്ച വിവരദോഷികളിൽപ്പെട്ടവരാവരുത് മുസ്ലിം ലീഗിെൻറ സംസ്ഥാന അധ്യക്ഷൻ.
”ബാബരി മസ്ജിദ് കർസേവർകൾ തകർത്തത് നമുക്കറിയാം. നമുക്കതിൽ പ്രതിഷേധമുണ്ടായിരുന്നു അക്കാലത്ത്. പക്ഷേ അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്കു കഴിഞ്ഞു എന്നുള്ളതാണ്. പ്രത്യേകിച്ചും കേരളത്തിൽ. കേരളത്തിലാണല്ലൊ മുസ്ലിംകൾ ഏറ്റവും വളരെ സെൻസിറ്റീവായും വളരെ ഈർജസ്വലതയോടെയും ജീവിക്കുന്ന പ്രദേശം. പക്ഷേ അന്ന് രാജ്യത്തിന് മുഴുവൻ മാതൃക കാണിച്ചുകൊടുക്കാൻ കേരളത്തിലെ മുസ്ലിംകൾക്കു കഴിഞ്ഞു. അന്ന് എല്ലാവരും ഉറ്റുനോക്കിയത് മറ്റാരെയുമായിരുന്നില്ല. തകർന്നത് ബാബരി മസ്ജിദാണ്. തകർക്കപ്പെട്ടത് യു.പിയിലാണ്. അയോധ്യയിലാണ്. പക്ഷേ രാജ്യവും രാഷ്ട്രീയ -നേതൃത്വവുമൊക്കെ ഉറ്റുനോക്കിയത് ഇങ്ങ് തെക്കേ അറ്റത്തെ കേരളത്തിലേക്കാണ്.
ഇവിടെ സമാധാനത്തിെൻറ പൂത്തിരി കത്തുന്നുണ്ടോ എന്നവർ നോക്കി” -സ്വാദിഖലി ശിഹാബിെൻറ പ്രസംഗം തുടരുന്നതിങ്ങനെ. പള്ളി കർസേവകർ പട്ടാപ്പകൽ, പട്ടാളത്തിെൻറ കൺമുമ്പിൽ വെച്ച് തകർത്തെറിഞ്ഞപ്പോൾ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും എല്ലാം ഇന്ത്യയിലെ മുസ്ലിംകൾ സഹിഷ്ണുതതോടെ സഹിച്ചുവെന്നാണ് ലീഗധ്യക്ഷൻ പറയാൻ ശ്രമിക്കുന്നത്. പക്ഷേ അക്കാലഘട്ടത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച ആത്മവഞ്ചനാപരമായ നിലപാടിനെ കുറിച്ചുള്ള ലജ്ജാവഹമായ ഓർമകളായിരിക്കണം സ്വാദിഖലിയെ കൊണ്ട് ഇമ്മട്ടിൽ പറയിപ്പിക്കുന്നത്.
ബാബരി മസ്ജിദ് അങ്ങ് അയോധ്യയിലല്ലേ, അയോധ്യ അങ്ങ് യു.പിയിലല്ലേ, നാമെന്തിന് വേജാറാവണം എന്ന് പള്ളിക്കു വേണ്ടി രാപ്പകലില്ലാതെ പൊരുതിയ ഇബ്രാഹീം സുലൈമാൻ സേട്ടിനോട് പരിഹാസ രൂപേണ ചോദിച്ചത് അന്നത്തെ ലീഗ് സംസ്ഥാന പ്രസിഡൻറാണ്. ബാബരിപ്പള്ളിയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്ത് ലീഗിന് കൈവന്ന അധികാരത്തളിക തട്ടിത്തെറിപ്പിക്കരുതെന്ന് സേട്ടിന് താക്കീത് നൽകിയ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയിലെ മുസ്ലിംകൾ കേരളത്തിലേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു. എന്തിനായിരുന്നുവല്ലേ, അധികാരത്തിെൻറ ശീതളിമയിൽ അന്നത്തെ പാർട്ടി പ്രസിഡൻറും കുഞ്ഞാപ്പയും മറ്റ് ഈപ്പമാരും സുലൈമാൻ സേട്ടിനോട് എത്ര ധിക്കാരപരമായാണ് പെരുമാറുന്നതെന്ന് നോക്കിക്കാണാൻ.
തങ്ങളേ, പള്ളി കർസേവകർ തകർത്തു എന്ന് നമുക്കറിയാമെന്ന് പറഞ്ഞുപോകുരുത് . മുസ്ലിം ലീഗിെൻറ അന്നത്തെ ”ഇമാമായ’ പി.വി നരസിംഹറാവു ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിച്ചു ആർ.എസ്.എസും കൂട്ടരും വളരെ ആസൂത്രിതമായി മസ്ജിദ് തച്ചുതകർത്ത് ധൂമപടലങ്ങളാക്കുകയായിരുന്നു. അതിലൊന്നും കേരളത്തിലെ മുസ്ലിം ലീഗിന് അശേഷം ദു$ഖമുണ്ടായിരുന്നില്ല. പള്ളിക്ക് ഒരു പോറലുമേറ്റിട്ടില്ല എന്ന് കള്ളം പറഞ്ഞു അനുയായികളെ മണ്ടന്മാരാക്കാനായിരുന്നു നേതാക്കൾ അന്ന് ശ്രമിച്ചത്.
പക്ഷേ, ആ കാലഘട്ടം മുസ്ലിം ലീഗിെൻറ രണ്ടു മുഖങ്ങൾ തുറന്നുകാട്ടി. അധികാരത്തിെൻറ ശർക്കരക്കുടത്തിൽ ആണ്ടുപോയ കൈകൾ വലിച്ചെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത പാർട്ടി സംസ്ഥാന നേതൃത്വം പള്ളി പൊളിക്കാൻ ഒത്താശ ചെയ്തുകൊടുത്ത കോൺഗ്രസിെൻറ തോളിൽ കൈയിട്ട് ചങ്ങാത്തം ഈട്ടിയുറപ്പിക്കുന്ന ഒരു മുഖം. ‘ഇന്ത്യയിലെ ആദ്യത്തെ ആർ.എസ്.എസ് പ്രധാനമന്ത്രി’ എന്ന് കോൺഗ്രസ് ബുദ്ധിജീവിയായ മണിശങ്കർ അയ്യർ വിശേഷിപ്പിച്ച പി.വി നരസിഹംറാവുവിെൻറ ഔദ്യോഗിക വസതിയിൽചെന്ന് പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി ആ കസേരയിൽ ഒരുനിമിഷം ഇരിക്കാൻ താങ്കൾക്ക് അവകാശമില്ല എന്ന് ഗർജിച്ച ഇബ്രാഹീം സുലൈമാൻ സേട്ട് ജനാധിപത്യത്തിനു ഇങ്ങനെയുമൊരു മുഖമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ മറ്റൊരു ഗാഥ.
ആ നിമിഷം സംസ്ഥാന പ്രസിഡൻറും പിണിയാളുകളും വിമാനം കയറി, റാവുജിയെ സാന്ത്വനപ്പെടുത്താൻ. റാവുവിെൻറ സവിധത്തിൽ വെച്ച് തീരുമാനിച്ചതാണ് സേട്ടിെൻറ കഥ കഴിക്കുമെന്ന്. അങ്ങനെയാണ് 1994 ആദ്യം ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിൽവെച്ച് സേട്ടിനെ അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറന്തള്ളുന്നത്. പ്രിയപ്പെട്ട തങ്ങളേ, നിങ്ങൾക്കറിയില്ല ആ കാലഘത്തിെൻറ രാഗദ്വേഷങ്ങൾ! പള്ളി തകർക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ മുസ്ലിം ലീഗ് കോൺഗ്രസിനെ എന്നെന്നേക്കുമായി കൈവിടുമെന്ന് ഒരു മുന്നറിയിപ്പ് നൽകാൻ സത്യസന്ധത കാണിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ആർ.എസ്.എസുകാർക്കൊപ്പം ചേർന്ന് പള്ളി പൊളിക്കാൻ റാവു ഒത്താശ ചെയ്യുമായിരുന്നില്ല. ബി.ജെ.പി അതോടെ അരികുവത്കരിക്കപ്പെടുമായിരുന്നു. ആ അവസരം കളഞ്ഞുകളിച്ച്, ഇന്ന് ഈ മഹത്തായ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കിക്കഴിഞ്ഞിട്ടും താങ്കളെ പോലുള്ളവർ വീമ്പ് പറയുമ്പോൾ നിഷ്പക്ഷമതികൾക്ക് പുച്ഛം തോന്നുകയാണ് ഒരു ”അഹ്ലുബൈത്തി”െൻറ ധാർമിക പതനമോർത്ത്.
പിന്നെ സമാധാനത്തിെൻറ പൂത്തിരി. ആരോടാണ് ഇമ്മട്ടിൽ പച്ചക്കള്ളം വിളമ്പുന്നത്? രാജ്യം അന്ന് സാന്ത്വനത്തിനായി ഇങ്ങ് കൊച്ചുകേരളത്തിലേക്ക് നോക്കിയിരിക്കുകയാണെത്ര . മുസ്ലിം ലീഗിെൻറ തെരുവ് പ്രസംഗങ്ങളിൽ രണ്ടാം കിട നേതാക്കന്മാർ തട്ടിവിടുന്ന ഒരു കള്ളമുണ്ട്. ഇന്ത്യ മുഴുവൻ കത്തിയെരിഞ്ഞപ്പോൾ കേരളം മാത്രം ശാന്തിയുടെ തുരുത്തായി ബാക്കിയായത് മുസ്ലിം ലീഗിെൻറ കരുത്ത് കൊണ്ടും പാണക്കാട് തങ്ങന്മാരുടെ കറാമത്തും ബർക്കത്തും കൊണ്ടാണെന്നും. എന്നാൽ സത്യമെന്താണന്നറിയുമോ? ബാബരി ധ്വംസനത്തിനു ശേഷം ഉടലെടുത്ത വർഗീയ സംഘർഷങ്ങളിൽ ഒരാഴ്ചക്കുള്ളിൽ ചുരുങ്ങിയത് 20പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കാലം കോട്ടക്കൽ ചങ്കുവെട്ടി വഴി വാഹനങ്ങളോടിയിരുന്നില്ല.
സ്വാദിഖലിയുടെ രാമക്ഷ്വേത്ര പ്രകീർത്തനവും സംഘ്പരിവാർ േപ്രമമവും മനസ്സിെൻറ വിശാലത കൊണ്ടല്ല, ഇ.ഡിയെ ഭയന്നുള്ള ഇടുങ്ങിയ ചിന്ത കൊണ്ടാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. എ..ആർ നഗർ ബാങ്കിലെ നിക്ഷേപത്തിന് സമുദായമൊന്നടങ്കം ഒടുക്കേണ്ടിവരുന്ന പിഴ ചില്ലറയൊന്നുമല്ല. ഒന്നേ ചോദിക്കാനുള്ള തങ്ങളേ, രാജ്യം മുഴുവൻ ഹിന്ദുത്വ വർഗീയതയാൽ ആളിക്കത്തിക്കുമ്പോൾ തന്നെ വേണോ ഈ അടിമവേലയും വിധേയത്വമനസ്സും പൂത്തിരിക്കത്തിക്കലുമൊക്കെ?