‘കോൺഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണു; പലരേയും ഇനി സന്ദർശക ഗാലറിയിൽ കാണാം’; പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധെെര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആ​ഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കും- മോദി പറഞ്ഞു.

പത്ത് വർഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണ്. 2014-ൽ ഇന്ത്യ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് രാജ്യം അഞ്ചാംസ്ഥാനത്താണ്. ഇക്കാര്യത്തിൽ കോൺ​ഗ്രസ് നിശബ്ദരാണ്. മൂന്നാം തവണ അധികാരത്തിലേറുന്നതോട് കൂടി ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News