തിരുവനന്തപുരം:എസ്എഫ്ഐ നേതൃത്വം ഉള്‍പ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനു തലവേദനയായ സാഹചര്യത്തില്‍ വിദ്യാര്‍ഥി സംഘടനയെ നിയന്ത്രിക്കാന്‍ സിപിഎം നിര്‍ദ്ദേശം. വിവിധ ജില്ലാ കമ്മറ്റികള്‍ക്കാണ് സിപിഎം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ അഴിച്ചു പണിയാനും നീക്കമുണ്ട്. എസ്എഫ്ഐയിലെ പല തലകളും തെറിക്കാനാണ് സാധ്യത.
എസ്എഫ്ഐ നടപടികളില്‍ ഉടന്‍ ഇടപെടാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യുയുസിയായി മത്സരിച്ചു വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത് പാർട്ടിക്കു നാണക്കേടായതാണ് ഈയിടെയുണ്ടായ ആദ്യ വിവാദം. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോം പരീക്ഷ എഴുതാതെ തന്നെ മാര്‍ക്ക് ലിസ്റ്റില്‍ ജയിച്ചതായി രേഖപ്പെടുത്തിയതും മറ്റൊരു വിവാദമായി.
മഹാരാജാസ് കോളജിന്റെ പേരിൽ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യ സിപിഎമ്മിനുണ്ടാക്കിയ അവമതി ചില്ലറയല്ല. വിദ്യ ആണെങ്കില്‍ ഇപ്പോഴും ഒളിവില്‍ തുടരുകയുമാണ്. ഈ പ്രശ്നം നിലനില്‍ക്കുമ്പോഴാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാർത്ത പുറത്ത് വരുന്നത്.
വിശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നൽകിയ പിന്തുണ മറ്റൊരു നാണക്കേടായി മാറി.
എസ്എഫ്ഐ നേതൃത്വത്തിൽ അഴിച്ചുപണി നടത്താനാണ് പാര്‍ട്ടി തലത്തില്‍ ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്ഐ പഠന ക്യാംപിൽ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തിൽ മുതല്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്.