കടലില്‍ ചാടിയവരില്‍ നാല് ജീവനക്കാരെ കാണാനില്ല; രക്ഷാ ദൗത്യത്തിനായി മംഗളുരുവില്‍ നിന്നും ഐ.സി.ജി.എസ് രാജ്ദൂത് കപ്പല്‍ പുറപ്പെട്ടു; കൊച്ചില്‍ നിന്നും ഐസിജിഎസ് അര്‍ണ്‍വേഷ് കപ്പലും പുറപ്പെട്ടു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; കപ്പലില്‍ പൊട്ടിത്തെറി; 18 പേർ കടലിൽ ചാടി | വീഡിയോ

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച സിങ്കപ്പൂര്‍ ചരക്കുകപ്പലില്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. കപ്പലിലെ ഡെക്കില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകള്‍ ഉള്ളതുകൊണ്ടാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.

അപകടം നടന്ന കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. കപ്പലിലെ ബോട്ടുകള്‍ ഉപയോഗിച്ച് നാവികസേന രക്ഷിച്ചവരില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അതേസമയം നാല് പേരെ കാണാനില്ലെന്നും വിവരമുണ്ട്. കപ്പലിലെ തീ അണക്കാനായിട്ടില്ല. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ അപകടം നടന്ന ഇടത്തേക്ക് പുറപ്പെട്ടു. 20 ഓളം കണ്ടെയ്നര്‍ കടലില്‍ വീണിട്ടുണ്ടെന്നും വിവരമുണ്ട്.

കപ്പിത്താനും മൂന്ന് എഞ്ചിനീയര്‍മാരും ഇപ്പോഴും കപ്പലില്‍ തുടരുന്നുണ്ട്. കപ്പലില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. ന്യൂ മാംഗ്ലൂരില്‍ നിന്നുള്ള ഐസിജിഎസ് രാജ്ദൂത്, കൊച്ചിയില്‍ നിന്നുള്ള ഐസിജിഎസ് അര്‍ണ്‍വേഷ്, അഗത്തിയില്‍ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി തിരിച്ചുവിട്ടതായി കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നു.

വാന്‍ഹായ് 503 എന്ന കപ്പല്‍ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് അപകടത്തില്‍ പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ബേപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈലും അകലത്തിലാണ്. കപ്പലില്‍ നിന്നും 20 കണ്‍ടെയ്‌നറുകള്‍ കടലില്‍ വീണു.

കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവര്‍ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ പലര്‍ക്കും പൊള്ളലേറ്റു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചു.

പോലീസ് എല്ലാത്തിനും സജ്ജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സേനക്ക് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി അറിയിച്ചു. വാന്‍ ഹായ് ചൈനീസ് കണ്ടെയ്‌നര്‍ ഷിപ്പിന് ആണ് തീപിടിച്ചത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News