കപ്പലിലെ തീ നിയന്ത്രണവിധേയമായില്ല, സ്ഫോടനസാധ്യതയുള്ള വസ്തുക്കളും; കാണാതായ നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള തീരത്തിനടുത്ത് തീ പിടിച്ച ചരക്കുകപ്പലിലെ തീ അണയക്കാനുള്ള ശ്രമം തുടരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കടലില്‍ ചാടി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

കപ്പലില്‍നിന്ന് രക്ഷിച്ച ജീവനക്കാര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കപ്പലിലെ പരിക്കേറ്റ ജീവനക്കാരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കപ്പലിലെ തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. കപ്പലിലുള്ള കണ്ടെയ്‌നറുകളില്‍ എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കൂ. കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ച് 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുണ്ട്.

സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോർട്ട്. അതിനാല്‍ത്തന്നെ തീ അണയ്ക്കാന്‍ ശാസ്ത്രീയമായ രീതി അവലംബിക്കേണ്ടി വരും. ഇതിനായി കണ്ടെയ്‌നറുകളില്‍ കൃത്യമായി എന്താണെന്ന വിവരം ലഭ്യമാകണം. ഇതിനായി കോസ്റ്റ്ഗാര്‍ഡ്, കപ്പല്‍ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്.

രാവിലെ 9.30-ഓടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിന്‍റെ താഴത്തെ ഡെക്കിൽ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് 12.40-ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടര്‍ന്നു. നിലവില്‍ കപ്പല്‍ കരയില്‍നിന്ന് വലിയ ദൂരത്തിലാണ് ഉള്ളത്. എങ്കിലും ഒഴുകിനടക്കുന്നതിനാല്‍ കരയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ (145 കി.മീ) അകലെവെച്ച് രാവിലെ ഒന്‍പതരയോടെ തീപിടിത്തമുണ്ടായത്. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News