KeralaNews

വട്ടിയൂര്‍ക്കാവില്‍ കരുത്തനില്ല,കല്‍പ്പറ്റയില്‍ ടി സിദ്ധിഖും കുണ്ടറയില്‍ വിഷ്ണുനാഥും മത്സരിയ്ക്കും,കലാപമൊടുങ്ങാതെ ഇരിക്കൂറും കല്‍പ്പറ്റയും വൈപ്പിനും

തിരുവനന്തപുരം:ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കല്‍പ്പറ്റയില്‍ അഡ്വ ടി സിദ്ധിഖ്, നിലമ്പൂരില്‍ വിവി പ്രകാശ്, തവനൂര്‍ ഫിറോസ് കുന്നംപറമ്പില്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക.

എന്നാൽ ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ പിന്തുണക്കുമോ എന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കല്‍പ്പറ്റയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ടി സിദ്ദിഖിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രതിഷേധം. വയനാട് ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയില്‍ യോഗ്യരായ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

അതേസമയം ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അടങ്ങുന്നില്ല. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ വിഭാഗം നേതാക്കള്‍. ഇത് അംഗീകരിച്ചില്ലെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്നതടക്കം തീരുമാനിക്കാന്‍ എ വിഭാഗം പതിനഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് മടങ്ങിയ എം എം ഹസനും കെ സി ജോസഫും ഇന്ന് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കും. കണ്ണൂര്‍ ഡിസിസി അധ്യക്ഷ പദവി എ വിഭാഗത്തിന് നല്‍കി സുധാകരന് താത്പര്യമുള്ളയാളെ മറ്റൊരു ജില്ലയില്‍ അധ്യക്ഷനാക്കാം എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്.

പ്രതിഷധങ്ങള്‍ക്ക് ചെവി കൊടുക്കാതെ നാളെ നാമനിര്‍ദ്ദേശ പത്രിസമര്‍പ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് ഇന്നലെ പ്രതികരിച്ചത്.

കെ സുധാകരന് തന്നോട് ഒരു എതിര്‍പ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍. ഡിസിസി അധ്യക്ഷ പദവി എന്ന ഫോര്‍മുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അന്‍പതോളം എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടരാജി നല്‍കി.

ഇരിക്കൂര്‍ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയില്‍ എ വിഭാഗത്തിന് എംഎല്‍എമാരില്ലാത്ത സ്ഥിതിയാകും. ഇരിക്കൂറിന് പുറമെ കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെസി വേണുഗോപാലിന്റെ കൈകടത്തലില്‍ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിഞ്ഞതില്‍ കടുത്ത അമര്‍ഷത്തിലാണ് സുധാകരന്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഐഎന്‍ടിയുസി നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ട്രേഡ് യൂണിയന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു.

പതിനഞ്ചംഗ പട്ടിക കെപിസിസിക്ക് നല്‍കിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ചര്‍ച്ചയ്ക്ക് നടത്തിയിരുന്നെങ്കിലും ഐഎന്‍ടിയുസി നേതാക്കള്‍ വഴങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖറുമായി ചെന്നിത്തല ഇന്ന് ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തും.

ഇന്നലെ ചെന്നിത്തലയും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന്‍ പിന്മാറിയിരുന്നു. ചര്‍ച്ചയില്‍ സമവായമായെങ്കിലും എറണാകുളം മണ്ഡലം കണ്‍വെന്‍ഷന്‍ പരിപാടിക്ക് പ്രകടനമായെത്തി ഐഎന്‍ടിയുസി ശക്തി തെളിയിച്ചു. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസിയുടെ പിന്മാറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button