തിരുവനന്തപുരം: കോൺഗ്രസിന്‍റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കെ വി തോമസ് സുഖിമാനായിരുന്നു എന്ന് വിമർശിച്ച മുല്ലപ്പള്ളി, തോമസ് ഒരു ദിവസമെങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. സെമിനാർ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരും തോമസിന്റെ മൂക്കു മുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞതിലും മുല്ലപ്പള്ളി ചോദ്യം ഉയർത്തി. ഇത്രയും ആധികാരികതയോടെ സെമിനാർ വേദിയിൽ ഉറപ്പിച്ചു പറയാൻ സി പി എം നേതാക്കൾക്ക് എങ്ങിനെ കരുത്തുകിട്ടി? അതിനർത്ഥം തോമസും സി പി എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ് ചെയ്തതതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളിയുടെ വാക്കുകൾ
മറ്റു സംഘടനകളുടെ സെമിനാറുകളിലും ചർച്ചകളിലും കോൺഗ്രസ്സ് പ്രതിനിധികൾ പങ്കെടുത്ത് കോൺഗ്രസ്സിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കു വെക്കുന്നതിൽ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ വി തോമസ് ഈ തത്വങ്ങളെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്. കോൺഗ്രസ്സിന്റെ പ്രതിനിധികൾ സി പി എം സെമിനാറിൽ പങ്കെടുക്കണമെങ്കിൽ, സി പി എം കോൺഗ്രസ്സ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ വി തോമസിനേയും ഡോ ശശി തരൂരിനെയും പാർട്ടിയെ അറിയിച്ചു കൊണ്ടല്ല സി പി എം ക്ഷണിച്ചത്. അതിനർത്ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കലാണ്. ഈ ദുഷ്ട ബുദ്ധി തോമസിന് തിരിച്ചറിയാൻ കഴിയാത്തതാണോ ? തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം മുൻ നിർത്തി, പാർട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ് സ്വീകരിക്കുകയും കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുകയും ചെയ്തത്. സി പി എം നെ പ്രതിനിധീകരിച്ചു മറ്റു പാർട്ടികളുടെ വേദികളിൽ ഒരു സി പി എം പ്രതിനിധിക്ക് പാർട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാൻ കഴിയുമോ?
ഞാൻ ഇപ്പോഴും ഒരു കോൺഗ്രസ് കാരനാണെന്നു രാഷ്ട്രീയ സത്യ സന്ധത ഇല്ലാതെ കെ വി തോമസ് പറയുമ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ് കോൺഗ്രസിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യമന്ത്രി അല്പം കൂടി കടന്നു പറഞ്ഞത് ആരും തോമസിന്റെ മൂക്കു മുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാർ വേദിയിൽ ഉറപ്പിച്ചു പറയാൻ സി പി എം നേതാക്കൾക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനർത്ഥം തോമസ്സും സി പി എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ് ചെയ്തത്.
പ്രിയപ്പെട്ട തോമസ്, താങ്കൾ സജീവ രാഷ്ട്രീയത്തിൽ വന്ന ശേഷം എത്രയെത്ര സുവർണ്ണാവസരങ്ങളാണ് താങ്കൾക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കൾക്കുണ്ടോ? കോൺഗ്രസ്സിലെ ഒരു Arm Chair Politician (സുഖിമാൻ) മാത്രമായിരുന്നു താങ്കൾ. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കൾക്ക് നില്ക്കാൻ കഴിയുകയില്ല. കാരണം താങ്കൾ ഒരു അധികാര രാഷ്ട്രീയക്കാരൻ മാത്രമാണ്. (Power Politician).പ്രതിസന്ധി ഘട്ടത്തിൽ, കോൺഗ്രസ്സിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല . സർവ്വം സമർപ്പിച്ച് പ്രസ്ഥാനത്തെ നയിക്കാൻ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവർത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവർത്തകന്മാരെ പുറകിൽ നിന്ന് കുത്തിയാണ് പ്രിയ തോമസ്സ് സി.പി.എം. സെമിനാറിൽ താങ്കൾ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.
അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ (K V Thomas) കടുത്ത നടപടി ആവശ്യപ്പെട്ട് കത്തയച്ചെന്നത് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.
സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം വേദിയിൽ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീർന്നതിന് പിന്നാലെയാണ് തോമസിനെതിരെ കെപിസിസി, എഐസിസി പ്രസിഡന്‍റിന് കത്തയച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്. എന്നാൽ എഐസിസി അംഗമായതിനാൽ തോമസിനെതിരായ നടപടി ഹൈക്കമാൻഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പന്ത് ദില്ലിക്ക് തട്ടിയത്. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാനാണ് സാധ്യത.
സെമിനാറിന് പോകുമെന്ന പ്രഖ്യാപനത്തോടെ തന്നെ കോൺഗ്രസ്സും കെ വി തോമസും തമ്മിലെ ബന്ധം മുറിഞ്ഞതാണ്. കണ്ണൂരിൽ പോകും മുമ്പ് നടപടി എടുത്തുള്ള രക്തസാക്ഷി പരിവേഷം ഒഴിവാക്കാനാണ് സെമിനാർ വരെ കാത്തിരുന്നത്. തോമസിനെതിരായ സംസ്ഥാന നേതൃത്വതത്തിന്‍റെ അതിവേഗ നീക്കങ്ങളിലും പരാമർശങ്ങളിലും കെ മുരളീധരനടക്കമുള്ള ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ സിപിഎം വേദിയിലെത്തിയുള്ള തോമസിന്‍റെ പിണറായി സ്തുതിയും കെ റെയിൽ പിന്തുണയും വഴി പാർട്ടിയിൽ തോമസിനോട് മൃദുസമീപനമുള്ളവരും ഇനി തിരുത്തുമെന്നാണ് കെപിസിസി പ്രതീക്ഷ.
താൻ കോൺഗ്രസിൽ (Congress) ഉറച്ചു നിൽക്കുന്നു എന്ന് കെ വി തോമസ് (K V Thomas) . കെപിസിസി (KPCC) പ്രസിഡന്റ് കെ സുധാകരന്റെ (K Sudhakaran) കത്തിനെ ഭയക്കുന്നില്ല. കോൺഗ്രസിൻ്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല.കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു.
വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ (CPM Party Congress) സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു.
പാർട്ടിയിൽ നിന്ന് നടപടി വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാൽ എന്ത് ചെയ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ സുധാകരൻ വിളിച്ചാൽ വീട്ടിലേക്ക് ചെന്നു കാണുമെന്നും കെ വി തോമസ് പറഞ്ഞു.
കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കെ സുധാകരൻ അയച്ച കത്തില്‍ പറയുന്നു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.
രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോൺഗ്രസ്സിനുള്ളതാണ്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്‍റെ പേരിൽ നടപടി എടുത്താൽ ദേശീയതലത്തിൽ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാർട്ടിയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റിനിർത്തലും പരിഗണിച്ചേക്കും.