ഇമ്രാന്‍ഖാന്‍ പുറത്ത്,അവിശ്വാസം പാസായി
ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ. വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാക്കിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ‘അവസാന പന്തുവരെ കളി തുടരുമെന്നു’ പ്രഖ്യാപിച്ച ഇമ്രാൻ, നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താകുന്നത്.
ഞായറാഴ്ച പുലർച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു. ഇടക്കാല സ്പീക്കറെ നിയോഗിച്ചാണു നടപടികൾ പൂർത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്നാണു സൂചന.
ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അസംബ്ലി ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. ഇമ്രാന്‍ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്‍റെ അനുയായികള്‍ പ്രതിഷേധിച്ചു. നാഷനല്‍ അസംബ്ലിക്കു പുറത്ത് വന്‍ സൈനിക സന്നാഹമാണ്. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് തടഞ്ഞു.