ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. കേശവ് പ്രസാദ് മൗര്യയുടെ ‘ലുങ്കി ധരിച്ച ഗുണ്ടകള്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുന്നതിന് മുമ്പ് ലുങ്കിയും തൊപ്പിയും ധരിച്ചിരുന്ന ഗുണ്ടകള്‍ നിരവധിയുണ്ടായിരുന്നു. എന്നാല്‍ 2017ന് ശേഷം ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇത്തരം ‘കുറ്റവാളികളെ’ കണ്ടിട്ടില്ലെന്നുമായിരുന്നു മൗര്യയുടെ വിവാദ പ്രസ്താവന. പ്രയാഗ്രാജില്‍ നടന്ന വ്യാപാരി സമ്മേളനത്തിലാണ് മൗര്യ വിവാദ പരാമര്‍ശം നടത്തിയത്.
‘2017ന് മുമ്പ് എത്ര ലുങ്കി ധരിച്ച ഗുണ്ടകള്‍ ഇവിടെ കറങ്ങിനടന്നിരുന്നു. ആരാണ് തലയില്‍ തൊപ്പി ധരിച്ച് തോക്കുകളുമായി വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരുന്നത് ആരാണ് നിങ്ങളുടെ ഭൂമി കൈയേറി ഭീഷണിപ്പെടുത്തിയിരുന്നത്-മൗര്യ പ്രസംഗത്തില്‍ ചോദിച്ചു. ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകളുടെ ക്രമസമാധാന നിലയിലെ പോരായ്മ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ് മൗര്യ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് അല്‍വി രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശിലെ ഹിന്ദു ജനസംഖ്യയുടെ പകുതിയും ലുങ്കി ധരിക്കുന്നുവെന്നും ലുങ്കി ധരിക്കുന്നവരെല്ലാം കുറ്റവാളികളാണന്നാണോ മൗര്യയുടെ പ്രസ്താവനയുടെ അര്‍ത്ഥമെന്നാണ് അല്‍വിയുടെ ചോദ്യം. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുന്നതിന് വേണ്ടി ബിജെപി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതിന്റെ ലക്ഷണമാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെന്നും കേണ്‍ഗ്രസ് നേതാവ് പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 39.67 ശതമാനം വോട്ട് വിഹിതം നേടി. സമാജ്വാദി പാര്‍ട്ടി (എസ്പി) 47 സീറ്റുകളും ബിഎസ്പി 19 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.