ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയ്ക്ക് മുന്നില്‍. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ഥിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കലാപത്തിനു മുന്നില്‍ നിശബ്ദകാണികളായി നിന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ അധികാരം ഉപയോഗിച്ച് രാഷ്ട്രത്തെ രക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും കലാപത്തില്‍ നിശബ്ദ കാണികളായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി സോണിയ ഗാന്ധി പറഞ്ഞു.
പൗരന്മാരുടെ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സുരക്ഷിതമാക്കുകയും പരിരക്ഷിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതിയെന്ന ഭരണഘടനാ സ്ഥാപനത്തോട് ആവശ്യപ്പെടുകയാണ്. ആഭ്യന്തരമന്ത്രിയെ ഉടനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.