തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ഉമ്മന്‍ ചാണ്ടിയും സുധീരനും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ സി.പി.ഐ.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്നും സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും വി എം സുധീരനും ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിരുന്നു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിപ്രായമാണ് വടക്കാഞ്ചേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര രേഖപ്പെടുത്തിയത്. നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്നും അവരുടെ അറിവില്ലാതെ നൗഷാദിനെ ആര്‍ക്കും കൊല്ലാനാകില്ലെന്നുമായിരുന്നു അനില്‍ അക്കര ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആരോപിക്കുന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിനുമേല്‍ ആരോപിച്ചതിന് സിപിഎം അണികളും അനുഭാവികളും അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
ഇന്നലെ രാത്രിയാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ പുന്ന സ്വദേശി നൗഷാദ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.