32.3 C
Kottayam
Thursday, May 2, 2024

അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് എ.കെ ആന്റണിയോട് മുതിര്‍ന്ന നേതാക്കള്‍; അഭ്യര്‍ത്ഥന നിരസിച്ച് ആന്റണി

Must read

ന്യൂഡല്‍ഹി: അധ്യക്ഷപദം ഏറ്റെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നിരസിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി അധ്യക്ഷപദം നിരസിച്ചതായി കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് എ.കെ ആന്റണിയോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. നെഹ്റു കുടുംബത്തിനു പുറത്തുള്ള ഒരാളെ അധ്യക്ഷനാക്കണമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോടു നിര്‍ദേശിച്ചിരിന്നു.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അറിവോടെയാണ് നേതാക്കള്‍ ആന്റണിയെ സമീപിച്ചതെന്നാണ് സൂചനകള്‍. എന്നാല്‍ നെഹ്റു കുടുംബത്തോട് തനിക്ക് അതിയായ ആദരവാണ് ഉള്ളതെന്നും എന്നാല്‍ അധ്യക്ഷപദം ഏറ്റെടുക്കാനാവില്ലെന്നും ആന്റണി നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യകാരണങ്ങളാണ് അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനു തടസമായി ആന്റണി ഉന്നയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്, അധ്യക്ഷപദം ഒഴിയുന്നതായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചത്. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രവര്‍ത്തക സമിതി ഇതു തള്ളിയെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചനകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week