31.7 C
Kottayam
Thursday, April 25, 2024

സി.ഐ നവാസ് നാടുവിട്ടത് ആത്മഹത്യ ചെയ്യാതിരിക്കാന്‍; മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടിരുന്നത് കൊടിയ പീഡനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

Must read

കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വിവാദ വെളിപ്പെത്തലുകളുമായി സുഹൃത്ത് രംഗത്ത്. ആത്മഹത്യ ചെയ്യാതിരിക്കാനാണ് നവാസ് രാമേശ്വരത്തേക്ക് പോയതെന്ന് സുഹൃത്ത് ഡി. ധനസുമോദ് പറയുന്നു. നവാസ് അനുഭവിച്ച മാനസിക സംഘര്‍ഷം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ധനസുമോദ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നവാസ് നേരിട്ടതെന്നും ധനസുമോദിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ:

കൊല്ലത്ത് നിന്നും പുനലൂര്‍ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് Navas Vsയാത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടത്. പുലര്‍ച്ചെ 4.30 വരെ (18 മണിക്കൂര്‍ ) ജോലി ചെയ്യുമ്പോഴും അറ്റന്‍ഡന്‍സ് പുസ്തകത്തില്‍ അബ്സെന്‍ഡ് മാര്‍ക് ചെയ്തു കിട്ടുമ്പോള്‍ ആര്‍ക്കായാലും മനസ് തകര്‍ന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തില്‍ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനില്‍ വച്ചു RPF ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ കരൂര്‍ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അധ്യാപകനെ കണ്ടപ്പോള്‍ മനസിന് ഏറെ ആശ്വാസമായി.

കാണ്മാനില്ല എന്ന പ്രശ്നം അവസാനിച്ചെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.

ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്ക് മുന്‍പായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോള്‍ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാന്‍ ഇടയുള്ള കാര്യം പറഞ്ഞാല്‍ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വര്‍ഷം മുന്‍പ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്സണല്‍ മൊബൈലില്‍ നിന്നും തുടര്‍ച്ചയായി മിസ്സ്ഡ് കോളുകള്‍. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് മൊബൈലില്‍ ബാലന്‍സ് ഇല്ലാത്തത് കൊണ്ടാണ് മിസ്സ് അടിച്ചത്; എറണാകുളം നഗരത്തില്‍ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാന്‍.

ബാപ്പയുടെ അകാല നിര്യാണം മുതല്‍ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താംതീയതിക്ക് മുന്‍പേ ശമ്പളം തീരും. സാമ്പത്തിക പ്രശ്നം കൊണ്ട് നാടുവിടണം എങ്കില്‍ 12 വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ചുമട് എടുക്കാന്‍ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയര്‍മാന്‍, പോലീസ് കോണ്‍സ്റ്റബിള്‍ ജോലി ജോലി തുടങ്ങി ഒടുവില്‍ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ…

അഞ്ച് മിനിറ്റിനുള്ളില്‍ കരൂര്‍ നിന്നും തിരിക്കും. ഇന്ന് എറണാകുളത്ത് എത്തും. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരോധാനത്തില്‍ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ സി ഐ ആയി ചുമതല ഏറ്റെടുക്കാന്‍ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നു.

എല്ലാവര്‍ക്കും നന്ദി

NB :നവാസ് ഇക്കയെ കണ്ടുപിടിച്ചാല്‍ സാമൂഹ്യപ്രവര്‍ത്തകനായ കരപ്പുറം രാജശേഖരന്‍ പ്രഖ്യാപിച്ച നിരാഹാര സമരം മാറ്റിവച്ചു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week