കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേർ അഭയാർഥികളായതായി റിപ്പോർട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചാണ് ഗോമ നഗരത്തിൽനിന്ന് ആയിരങ്ങൾ പ്രാണരക്ഷാർഥം പലായനം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്നിപർവ്വത സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റുവാണ്ട അതിർത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയിൽ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ അയൽ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്. എണ്ണായിരം പേർക്ക് അഭയം നൽകിയതായി റുവാണ്ട അധികൃതർ വ്യക്തമാക്കി.
അഗ്നിപർവ്വത സ്ഫോടനം ഉണ്ടായതോടെ ഗോമ നഗരത്തിൽ ജനങ്ങൾ പരിഭ്രാന്തരാകുകയും കൈയ്യിൽകിട്ടിയതൊക്കെ എടുത്ത് രാത്രിയോടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തു. നിരവധി പേർ വീടിനു പുറത്താണ് രാത്രി ചെലവഴിച്ചത്. ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേർ വഴിയാധാരമായത്.
വീടുകൾ നഷ്ടപ്പെട്ടതോടെ ജനങ്ങൾ കാൽനടയായി റുവാണ്ട അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നു. അതിർത്തി അടച്ചിരുന്നതിനാൽ ജനങ്ങൾക്ക് റുവാണ്ടയിലേക്ക് പ്രവേശിക്കാനായില്ലെന്നും ഇവർ തിരിച്ചെത്തി ഗോമ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് തമ്പടിച്ചതായും കോംഗോ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
ഗോമയിലെ വിമാനത്താവളത്ത് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിമാനത്താവളത്തിന് കേടുപാടുകളില്ല. താരതമ്യേന കുറഞ്ഞ ലാവാ പ്രവാഹം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഞായറാഴ്ചയോടെ ലാവാ പ്രവാഹത്തിന്റെ ശക്തി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. 2002ൽ ഈ അഗ്നപർവ്വതം പൊട്ടിത്തെറിച്ച് 250 പേർ മരിക്കുകയും ആയിരക്കണക്കിന് ജനങ്ങൾ അഭയാർഥികളാകുകയും ചെയ്തിരുന്നു.