കണ്ണൂരില്‍ ലീഗില്‍ പൊട്ടിത്തെറി; സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി കണ്ണൂരിലെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിച്ച വൈസ് ചെയര്‍പേഴ്‌സണെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച രാത്രി വൈകിയാണ് അവസാനിച്ചത്. താണയില്‍ നിന്ന് ജയിച്ച കെ. ഷബീനയെ വൈസ് ചെയര്‍മാനാക്കാനുള്ള തീരുമാനം വന്നത് പതിനൊന്നോടെയാണ്.

പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. അബ്ദുള്‍ ഖാദര്‍ മൗലവി ലീഗിനെ നശിപ്പിക്കുകയാണെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവച്ചു. യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക കോര്‍പറേഷനാണ് കണ്ണൂര്‍. ടി.ഒ. മോഹനനെ കോര്‍പറേഷന്‍ മേയറാക്കാന്‍ വോട്ടെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News