കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കണ്ടക്ടര്‍ ജാഫര്‍. യുവതിക്കുണ്ടായ ദുരനുഭവം നിയമപരമായി പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയാറാണെന്നും കണ്ടക്ടര്‍ പറഞ്ഞു.
സഹയാത്രക്കാരനില്‍ നിന്നും ലൈംഗീകാതിക്രമം ഉണ്ടായതിന് ശേഷം സംഭവത്തെക്കുറിച്ച് കണ്ടക്ടറോട് പറഞ്ഞപ്പോള്‍ വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. കണ്ടക്ടര്‍ക്കെതിരെ പോലീസിലും കെഎസ്ആര്‍ടിസിയിലും പരാതി നല്‍കുമെന്നും യുവതി പറഞ്ഞിരുന്നു.
വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ടു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അധ്യാപികയ്ക്ക് നേരെയാണ് ലൈംഗീകാതിക്രമം ഉണ്ടായത്. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അയാളും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.