പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ചിത്രം പുറത്ത്; തമ്പാനൂര്‍ ഹോട്ടലില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പോലീസിന് ലഭിച്ചു. പള്ളിയില്‍ വച്ച്‌ ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും പോലീസ് പറഞ്ഞു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.

കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്.

മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോറൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News