കൊച്ചി: സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പൊലീസ്. സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യും. പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.
പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീർ സുബാനെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചു. ഷക്കീർ സുബാനെതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ സമർപ്പിച്ചു.
എന്നാൽ പരാതി വ്യാജമാണെന്നാണ് ഷക്കീർ പറയുന്നത്. പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവരാണ് തന്നെ വിളിച്ച ശേഷം കൊച്ചിയിലെത്തിയത്. പ്രമോഷന് വേണ്ടിയാണ് ഇരുവരും ഹോട്ടലിൽ വന്നതെന്നും ഷക്കീർ പറഞ്ഞു.
പ്രതിശ്രുത വരന് ജോലിയില്ലെന്ന് പരാതിക്കാരി പറഞ്ഞു. സ്വകാര്യമായി സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടത് മൂലം ഒരു മിനിറ്റോളം സംസാരിച്ചു. സോഷ്യൽ മീഡിയയിൽ റീച്ച് വേണമെന്ന് പറഞ്ഞു. പണമാണ് അവരുടെ ആവശ്യമെന്നും ഷക്കീർ ആരോപിച്ചു.