FootballNewsSports

ഇക്വ’ഡോർ’ പൂട്ടി,കൊളംബിയയ്ക്ക് ജയം

മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ കീഴടക്കി ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി കൊളംബിയ. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. എഡ്വിൻ കാർഡോണയാണ് ടീമിനായി വിജയ ഗോൾ നേടിയത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുത്തു.

ആദ്യം തൊട്ട് ആക്രമിച്ചുകളിച്ച കൊളംബിയ മത്സരം തുടങ്ങി ഒരു മിനിട്ട് പിന്നിടുമ്പോഴേക്കും ആദ്യ കോർണർ സ്വന്തമാക്കി. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ടീമിൽ ഇടം നേടിയില്ല. കൊളംബിയയ്ക്ക് പിന്നാലെ ഇക്വഡോറും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി.

ഏഴാം മിനിട്ടിൽ ഇക്വഡോറിന്റെ നായകൻ വലൻസിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല. പിന്നീട് ഇരുടീമുകളുടെയും മുന്നേറ്റ നിരയ്ക്ക് കാര്യമായ ചലനങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിക്കാനായില്ല.

ഇരുടീമുകളുടെയും പ്രതിരോധനിരയും മധ്യനിരയുമാണ് കളി നിയന്ത്രിച്ചത്. മുന്നേറ്റനിര നിറം മങ്ങി. റോഡ്രിഗസ്സില്ലാത്തത് കൊളംബിയൻ മുന്നേറ്റനിരയെ സാരമായി ബാധിച്ചു.39-ാം മിനിട്ടിൽ കൊളംബിയയുടെ മുന്നേറ്റതാരം ബോർജയുടെ ഹെഡർ ഇക്വഡോർ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ കൊളംബിയ മത്സരത്തിലെ ആദ്യ ഗോൾ നേടി.

മധ്യനിര താരം എഡ്വിൻ കാർഡോണയാണ് ടീമിനായി ഗോൾ നേടിയത്. 41-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഫ്രീകിക്കിലൂടെ ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ചാണ് കാർഡോണ ടീമിന് ലീഡ് സമ്മാനിച്ചത്. ഫ്രീകിക്ക് പാസിങ് ഗെയിമാക്കി മാറ്റിയ കൊളംബിയ ഇക്വഡോർ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോൾ നേടി. റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും വി.എ.ആറിലൂടെ പിന്നീട് ഗോൾ അനുവദിക്കുകയായിരുന്നു. വൈകാതെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇക്വഡോർ ഗോൾ നേടാനായി കിണഞ്ഞു ശ്രമിച്ചപ്പോൾ പ്രതിരോധം ശക്തിപ്പെടുത്താനാണ് കൊളംബിയ ശ്രമിച്ചത്. 51-ാം മിനിട്ടിൽ ഇക്വഡോറിന്റെ എസ്റ്റുപിനിയാൻ എടുത്ത ഫ്രീകിക്ക് അത്ഭുതകരമായി തട്ടിയകറ്റി കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിന താരമായി.

ഇക്വഡോറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ താരം പ്ലാറ്റ രണ്ടുതവണ പരിക്ക് പറ്റിയതുമൂലം 69-ാം മിനിട്ടിൽ ഗ്രൗണ്ട് വിട്ടതോടെ ഇക്വഡോർ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞു. എന്നാലും സമനില ഗോളിനായി ടീം കിണഞ്ഞുശ്രമിച്ചു. പക്ഷേ പാറപോലെ ഉറച്ചുനിന്ന കൊളംബിയൻ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker