തിരുവനന്തപുരം: ഒക്ടോബര്‍ 4 ന് കോളജുകള്‍ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. അവസാന വര്‍ഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കും. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കും.
കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.
സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി മറ്റന്നാള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ നാല് മുതല്‍ ടെക്നിക്കല്‍, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസമടക്കം ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരിന്നു. അവസാനവര്‍ഷ വിദ്യാര്‍ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോളജുകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാം. ബയോബബിള്‍ മാതൃകയിലാകണം പ്രവര്‍ത്തിക്കേണ്ടത്.
ഇത്തരം സ്ഥാപനങ്ങളില്‍ ഒരു ഡോസ് വാക്സിനെങ്കിലും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ആരും ക്യാമ്പസ് വിട്ട് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.