കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലീംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ച് പറയുമ്പോഴും രാജ്യത്തെ മുസ്ലീം ജനവിഭാഗം കനത്ത ആശങ്കയിലാണ് ഇപ്പോഴും. മിക്ക ആളുകളും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ തെരഞ്ഞു തുടങ്ങി. അത്തരത്തിലുളള അനുഭവങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുമുണ്ട്. മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പാളായ ദാമോദരന്‍ വേങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
മനസ്സുകളുടെ പലായനം തുടങ്ങിക്കഴിഞ്ഞു.
പൗരത്വ നിഷേധനിയമത്തിനെതിരെയുളള പ്രക്ഷോഭം തുടങ്ങിയശേഷം മനസ്സൊന്ന് പിടഞ്ഞ ദിവസമാണിന്ന്.
രാവിലെ11 മണിയോടെ 2 പേർ പ്രിൻസിപ്പൽ ചേമ്പറിലേക്ക് കേറി വന്നു. ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും പൂർണ്ണ ഗർഭിണിയായ ഒരു യുവതിയും.
ഉമ്മ കർണ്ണാടകയിൽ ജനിക്കുകയും കുട്ടിക്കാലം അവിടെ ജീവിക്കുകയും ചെയ്തതാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് അവിടെത്തെ ഏതോ LP സ്കൂളിൽ നിന്നും കൊടുത്ത ഒരു വിടുതൽ സർട്ടിഫിക്കറ്റുണ്ട് കൈയ്യിൽ അതിൽ പേരിനോടു കൂടി “ബീ” ( ബീവി എന്നതിന്റെ ചുരുക്കം.) എന്നുണ്ട്.എന്നാൽ ആധാറിലും വോട്ടർ ഐ.ഡി.യിലും , ബി. ഇല്ല.
മോളുടെ SSLC ബുക്കിൽ ( അവൾ ബിരുദധാരിയാണ്) ഉപ്പാന്റെ ഉമ്മയുടെ പേരിന്റെ ഇനിഷ്യൽ മാറിയിട്ടുണ്ട്.. ആകെ കൂട്ടക്കുഴപ്പമാണ്.
രണ്ടും ഉടൻ ശരിയാക്കാൻ സഹായിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകണം.. ഇതാണാവശ്യം.
എന്താ പാസ്പോർട്ട് എടുക്കുന്നുണ്ടോ?ഞാൻ ഉമ്മയോട് ചോദിച്ചു. “ഇല്ല” എന്ന മറുപടിക്ക് ശേഷം ഉമ്മ തുടർന്നു… “എല്ലേരും പറ്യേണ് ഇതൊക്കൊ വേം സെര്യാക്കി ബെച്ചോളീംന്ന് ”
എന്താ ഇപ്പോഴത്തെ ഈ പൗരത്വ പ്രശ്നത്തിന്റെ പേരിലാണോ എന്ന എന്റെ ചോദ്യത്തിന് ഞാൻ ആഗ്രഹിച്ചതിന് വിരുദ്ധമായി” അതേ” എന്ന മറുപടി കേട്ട് ഞാൻ ഞെട്ടി,
അറിയാതെ കശേരയിൽ ചാരി മലർന്നു.
അമർഷവും സങ്കടവും ദേഷ്യവും നിരാശയും ഒരു നിമിഷം എന്നെ കീഴടക്കി.
“ഉമ്മാ യാതൊരു ഭയവും വേണ്ട.. നിങ്ങളീ പ്രായത്തിൽ ഇനി ഇത് തിരുത്താനൊന്നും ഓടേണ്ട.. അവരീ പറേണതൊന്നും ഇവിടെ നടക്കൂല.. ഇവിടെ ഞങ്ങളൊക്കെണ്ട് …. ഇനി ഏതെങ്കിലും കാരണവശാൽ എന്തെങ്കിലും സർട്ടിഫിക്കറ്റ് വേണമെങ്കിൽ നേരെ ഇങ്ങോട്ട് വന്നാൽ മതി.. ഇത്രയും കേട്ടപ്പോൾ കൈവന്ന ആത്മവിശ്വാസത്തോടെ അവർ കടലാസുകൾ തിരികെ വാങ്ങി എന്നോട് കുശലം പറഞ്ഞ് പുറത്തേക്കിറങ്ങി.
ഞാൻ പ്രിൻസിപ്പലിന്റെ റിട്ടയറിംഗ് മുറിയിലേക്ക് കയറി. കണ്ണും മുഖവും കഴുകി. അൽപനേരം ഈസീചെയറിൽ ചാരികിടന്നു. കോളിംഗ് ബെൽ ശബ്ദം കേട്ട് വീണ്ടും പ്രിൻസിപ്പൽ മുറിയിലേക്ക് വന്നു. രണ്ട് പർദ്ദ ധാരികളായ യുവതികൾ.. ഇതേ പ്രശ്നം. നാത്തൂനാണ് പറഞ്ഞു തുടങ്ങിയത്.” ഇവൾക്ക് കഴിഞ്ഞ ഒരാഴ്ചയായി തീറ്റിം കുടീംല്ല.. കരച്ചിലാണ്.!
ഞാൻ രേഖകൾ വാങ്ങി നോക്കി. സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും ആധാർ, വോട്ടർ ഐ.ഡി. എന്നിവയിലെ പേരും തമ്മിൽ നേരിയ വൃത്യാസം.
” പെങ്ങളേ.. ഒട്ടും പേടിക്കേണ്ട… എന്ന് പറഞ്ഞു കൊണ്ട് കടലാസിൽ നിന്നും മുഖമുയർത്തി നോക്കിയപ്പോൾ രണ്ടു കൈ കൊണ്ടും മുഖം പൊത്തി നിശ്ശബ്ദമായി കരയുകയായിരുന്നു അവർ… “എന്റെ കുട്ട്യേളെ പഠിപ്പ് …”
കണ്ണീർ തുള്ളികൾ മേശയുടെ ചില്ലിൽ വീണ് പതുക്കെ പടർന്നു.