ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കോളേജില്‍ എത്തി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ പുറത്തുനിന്ന് എത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കോളേജിലെ വാര്‍ഷിക ആഘോഷത്തിനിടെ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ചില വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഫെബ്രുവരി 6ന് കോളേജില്‍ നടന്ന പരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസിന് ഇടയിലുള്ള യുവാക്കളാണ് അതിക്രമിച്ച് ക്യാമ്പസിലേയ്ക്ക് കടന്നതെന്നും ഇവര്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസില്‍ അതിക്രമിച്ച് കയറിയതെന്ന് ചില വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചാണ് ആളുകള്‍ ക്യാംപസിനുള്ളില്‍ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വന്‍ വീഴ്ചയാണ് സംഭവച്ചിരിക്കുന്നതെന്നും ഇതിനെതിരെ തിങ്കളാഴ്ച ക്യാംപസില്‍ പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.
എന്നാല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ ഭാഗത്തു നിന്നോ കോളജ് അധികൃതരുടെ ഭാഗത്തു നിന്നോ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.