എറണാകുളം:ആലപ്പുഴ ജില്ലാ കളക്ടറായിരിക്കേ വാങ്ങിയ വമ്പൻ പമ്പ് സെറ്റുമായി ജില്ലാ കളക്ടർ തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായി. കനത്തമഴയിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാ കളക്ടർ എസ്. സുഹാസും നഗരസഭാ മേയർ എം. അനിൽ കുമാറും നടത്തിയ ഇടപെടലാണ് അതിവേഗം ഫലപ്രാപ്തിയിലെത്തിയത്.
മുല്ലശ്ശേരി കനാൽ, കാരണക്കോടം തോട് എന്നിവയുടെ വിവിധ പ്രദേശങ്ങളും ജഡ്ജസ് അവന്യൂ, കലൂർ, മെട്രോസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വലിയ പമ്പുസെറ്റുമായി കളക്ടറും മേയറും എത്തിയാണ് അതിവേഗ ഇടപെടൽ നടത്തിയത്.
ആലപ്പുഴ ജില്ലാ കളക്ടർ ആയിരിക്കേ എസ്. സുഹാസ് സ്പോൺസർഷിപ്പിലൂടെ വാങ്ങിയ 105 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റ് നഗരത്തിലേക്ക് എത്തിച്ചിരുന്നു. പത്ത് ലക്ഷം ലിറ്റർ വരെ മണിക്കൂറിൽ പമ്പ് ചെയ്ത് കളയാവുന്ന തരം വലിയ സെറ്റായതിനാൽ വേഗത്തിൽ ജോലിയും പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൊച്ചി നഗരസഭയുടെ പങ്കാളിത്തത്തോടെ നടത്തിയ അടിയന്തര പ്രവർത്തനങ്ങൾ ഫലപ്രദമായെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, കൗൺസിലർമാർ, താലൂക്ക്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.