KeralaNews

നെയ്യാറ്റിന്‍കര സംഭവം:പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് കളക്ടര്‍,അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് കളക്ടര്‍. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതിനിടെ രാജനെതിരെ പരാതി നൽകിയ വസന്തയെ പൊലീസ്. മറ്റൊരിടത്തേക്ക് മാറ്റി.

രാജൻ ഭൂമി കയ്യേറിയെന്ന അയൽവാസിയായ വസന്തയുടെ ഹ‍ർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്. രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. രാജൻ ഭാര്യയുമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ പൊലീസ് കൈതട്ടിമാറ്റിയതോടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. രാജന്‍റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button