NationalNews

മൂർഖൻ പാമ്പുകളും കരിന്തേളുകളും; കൂർത്ത പാറക്കല്ലുകൾ; പത്തുവയസ്സുകാരൻ കുഴൽ കിണറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ

റായ്പൂർ :68 അടി താഴ്ചയിൽ പെട്ട് കിടന്നത് 104 മണിക്കൂർ. നാല് ദിവസത്തിന് ശേഷം ആ പത്ത് വയസുകാരനെ പുറത്തത്തിക്കുമ്പോൾ, രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു. മൂകനും ബധിരനുമായ ആ കുട്ടി എങ്ങനെയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്ന് ഇന്നും ആർക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാ സാഹചര്യങ്ങളും തനിക്ക് എതിരായിട്ടും നാല് ദിവസം പാതി വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് രാഹുൽ സാഹു എന്ന കുട്ടി ജീവിതത്തിലേക്ക് കൈപിടിച്ച് കയറിയത്.

ഛത്തീസ്ഗജിലെ ജഹാംഗീർ-ചമ്പ ജില്ലയിലെ പിർഹിദ് ഗ്രാമത്തിൽ ജൂൺ 10 നായിരുന്നു സംഭവം. ഉച്ചയോടെ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പത്ത് വയസുകാരനായ രാഹുൽ കുഴൽ കിണറിൽ പെട്ടത്. രാഹുലിനെ കാണാതായതോടെ അന്വേഷിച്ചിറിങ്ങിയ അമ്മ കേട്ടത്, 80 അടി താഴ്ചയുള്ള കുഴൽ കിണറിൽ നിന്നുള്ള തന്റെ മകന്റെ കരച്ചിലാണ്. വെള്ളം കുറവായതിനാൽ ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന കിണറായിരുന്നു അത്.

ഈ വിവരം ജില്ലാ ഭരണകൂടം അറിഞ്ഞപ്പോഴേക്കും രാത്രിയായി. തുടർന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.ക്യാമറകൾ കിണറിനുള്ളിലേക്കിട്ട് കുട്ടി എവിടെയാണെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിന് ഓക്‌സിജൻ എത്തിച്ച് നൽകി, പഴവും ലഘു ഭക്ഷണവും എത്തിച്ചു. കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കുടുംബാംഗങ്ങളെയും സ്ഥലത്തെത്തിച്ചു.

ഒഡീഷയിലെ കട്ടക്കിൽ നിന്നും ഭില്ലായിയിൽ നിന്നുമായി മൂന്ന് എൻഡിആർഎഫ് ടീമുകളെ കൊണ്ടുവന്നു. കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രാദേശിക സൈനിക വിഭാഗവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

കുഴൽ കിണറിന് സമാന്തരമായി കുഴി കുഴിച്ചുകൊണ്ടാണ് രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കനത്ത പാറകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിന്നു. ഓരോ മീറ്റർ കുഴിക്കുമ്പോഴും പാമ്പുകളും തേളുകളും ഇഴഞ്ഞു നീങ്ങുന്നത് കണ്ടിരുന്നു. ഇതെല്ലാം തങ്ങളുടെ ഭീതി വർദ്ധിപ്പിക്കുകയാണ് ചെയ്തത് എന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

60 അടി താഴ്ചയിൽ എത്തിയപ്പോൾ, പാറക്കെട്ടുകൾ വളരെ കഠിനമായി. അതിനാൽ കൂടുതൽ മെഷിനറി എത്തിച്ചാണ് വീണ്ടും പ്രവർത്തനം തുടർന്നത്. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ് കോർബ കൽക്കരി ഖനികളിൽ നിന്നുള്ള ഒരു റെസ്‌ക്യൂ ടീമിനെയാണ് എത്തിച്ചു. ഗ്രാനൈറ്റ് പാറകൾ പൊട്ടിക്കാനാണ് ഇവരെ ഉപയോഗപ്പെടുത്തിയത്.

ടോർച്ച് ലൈറ്റ് ഉപയോഗിച്ച് തുരങ്കത്തിലൂടെ ഇഴഞ്ഞു നീങ്ങിയ സംഘം ഒടുവിൽ നാല് ദിവസത്തിന് ശേഷം രാഹുലിന്റെ അടുത്തെത്തി. ചൊവ്വാഴ്ച രാത്രി രാഹുലിനെ സ്‌ട്രെച്ചറിൽ പുറത്തെത്തിച്ചു. തുടർന്ന് നേരെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം വെള്ളത്തിൽ കിടന്നതിനാൽ കുട്ടിയ്‌ക്ക് ചെറിയ പനിയും അണുബാധയുമുണ്ടായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രാഹുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button