ദോഹ: 2022 ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോര്‍ച്ചുഗല്‍ എന്നാല്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടയിലാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിത്തെറിച്ചത്.
മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടർന്ന് മത്സരത്തിന്റെ 65-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പിൻവലിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ റൊണാൾഡോ കുപിതനായി.
റൊണാള്‍ഡോയുടെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് പരിശീലകന്‍ സാന്റോസ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ‘ അതെ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഞാന്‍ എന്റെ ടീമില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.’ സാന്റോസ് വ്യക്തമാക്കി.
റൊണാള്‍ഡോ ലോകകപ്പിനുശേഷം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസ്സറിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. റെക്കോഡ് തുക പ്രതിഫലമായി നല്‍കാനും ടീം തയ്യാറാണ്. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നുമറിയില്ല എന്ന ഉത്തരമാണ് റൊണാള്‍ഡോ നല്‍കിയത്. റൊണാള്‍ഡോയുടെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും ലോകകപ്പല്ലാതെ മറ്റൊന്നും തന്റെ മനസ്സിലില്ലെന്നും സാന്റോസ് വ്യക്തമാക്കി.