24.5 C
Kottayam
Monday, May 20, 2024

തോൽവിക്കു പിന്നിൽ രോഹിത്തിന്റെ മോശം ക്യാപ്റ്റൻസി: വിമർശിച്ച് മുൻ പാക്ക് താരം

Must read

മിർപുർ: ധാക്കയിൽ നടന്ന ആദ്യ ഏകദിനത്തിൽ  ബംഗ്ലദേശിനോട് ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ  ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. രോഹിത്തിന്റെ നിരവധി മോശം തീരുമാനങ്ങളാണ് ജയപരാജയം മാറിമറിഞ്ഞ മത്സരം ബംഗ്ലദേശിന് അനുകൂലമാക്കിയതെന്നു ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. 

നിങ്ങൾ എപ്പോഴാണ് വാഷിങ്ടൻ സുന്ദറിനെ കൊണ്ട് പന്തെറിയിക്കുക? തിരികെ നാട്ടിൽ വന്നതിനു ശേഷമോ? സുന്ദറിന് അഞ്ച് ഓവറുകൾ ബാക്കി ഉണ്ടായിരുന്നു. മുസ്തഫിസുർ റഹ്മാൻ ഇടംകൈ ബാറ്ററാണ്. വാലറ്റത്തെ ഇടംകൈ ബാറ്റർക്കെതിരെ ഓഫ് സ്‌പിന്നറായ വാഷിങ്ടൻ സുന്ദറിനെ കൊണ്ട് ബോൾ ചെയ്യിപ്പിച്ചാൽ വിക്കറ്റ് ലഭിക്കുമെന്നു രോഹിതിന് അറിയില്ലേ.

അണ്ടർ 16 താരങ്ങൾക്കു പോലും ഇത്തരം കാര്യങ്ങൾ അറിയാം. സുന്ദർ പന്തെറിഞ്ഞിരുന്നെങ്കിൽ കളി തന്നെ മാറിയേനേ. രോഹിത് എന്താണ് കളിക്കളത്തിൽ ചെയ്‌തു കൊണ്ടിരുന്നത്. എനിക്കൊന്നും തന്നെ മനസിലാകുന്നില്ല– കനേരിയ യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

187 റൺസ് എന്ന നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ മൂന്നിന് 95 എന്ന സുരക്ഷിത നിലയിലായിരുന്നു. തുടർന്ന് 41 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തി ബോളർമാർ തിരിച്ചടിച്ചതോടെ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയായി. എന്നാൽ മെഹ്‌ദി ഹസ്സൻ (38 നോട്ടൗട്ട്) മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നേടിയ 50 റൺസിന്റെ കരുത്തിൽ, കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ബംഗ്ലദേശ് വിജയം പിടിച്ചെടുത്തു. 

സ്കോർ: ഇന്ത്യ: 41.2 ഓവറിൽ 186ന് ഓൾഔട്ട്. ബംഗ്ലദേശ് 46 ഓവറിൽ 9ന് 187. മെഹ്‌ദി ഹസ്സനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week