CrimeKeralaNews

ഇൻസ്റ്റഗ്രാമിലൂടെ ഇടപാടുകാരെ കണ്ടെത്തി ലഹരി വിൽപന:സഹ സംവിധായികയും സുഹൃത്തും എംഡിഎംഎയുമായി അറസ്റ്റിൽ

തൃശൂര്‍ : 17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് പിടികൂടി. ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവർ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.

സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികൾ വൻതോതിൽ ലഹരിമരുന്നു വിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി.

ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു. എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാർഗമെന്ന നിലയ്ക്കാണു വിൽപനയും തുടങ്ങിയത്.

ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മാഫിയയുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നാണു പൊലീസ് നൽകുന്ന സൂചന. എസിപി ടി.എസ്. സിനോജ്, എസ്എച്ച്ഒ യു.പി. ഷാജഹാൻ, എസ്ഐ ഷിജു, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, സീനിയർ സിപിഒ പഴനിസ്വാമി, സിപിഒമാരായ സുജിത് കുമാർ, ലികേഷ്, വിപിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button