തിരുവനന്തപുരം: മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും വിളിച്ച യോഗത്തിലാണ് തീരുമാനം.
മാലിന്യസംസ്കരണ നീക്കം പൂർണമായും തടസ്സപ്പെട്ടതോടെയാണ് ബദൽ മാർഗത്തെക്കുറിച്ച് സർക്കാർ വളരെ തീവ്രമായി ചിന്തിച്ചത്. യോഗത്തിൽ ബിപിസിഎൽ അധികൃതരെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. അവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പ്ലാന്റ് സ്ഥാപിക്കേണ്ടത് എവിടെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. നാല് സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നാണ് വിവരം.
കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ചെലവായത് 1.14 കോടി രൂപ. ഇതിൽ 90 ലക്ഷം രൂപ ചെലവഴിച്ചത് കൊച്ചി കോർപ്പറേഷനാണ്.
മണ്ണുമാന്തിയന്ത്രങ്ങൾ, ഫ്ളോട്ടിങ് മെഷീനുകൾ, മോട്ടോർ പമ്പുകൾ, രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകൾ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകൾ, ഓപ്പറേറ്റർമാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിർമാണം, ബയോ ടോയ്‌ലറ്റുകൾ, ഭക്ഷണം എന്നീ ചെലവുകളാണ് കോർപ്പറേഷൻ വഹിച്ചത്.
മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപ ചെലവായി. ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാൻ മേൽനോട്ടം വഹിച്ച ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്.
ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി പ്രോഗ്രാം മാനേജർ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കൽ ഓഫീസർ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സമർപ്പിച്ചിട്ടുള്ളത്. അഗ്നിരക്ഷാ ദൗത്യത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കൽ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിനും ഡോക്ടർമാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ.
മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ചെലവായ തുകയുടെ കണക്കുകൾ പുറത്തുവന്നത്. മാർച്ച് രണ്ടിനായിരുന്നു കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരത്തെ 110 ഏക്കറോളമുള്ള മാലിന്യശേഖരണ പ്ലാന്റിൽ തീപിടിച്ചത്. 13 ദിവസത്തോളമെടുത്തായിരുന്നു തീയുംപുകയും നിയന്ത്രണ വിധേയമാക്കിയത്.