CrimeKeralaNews

പത്തനംതിട്ടയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷിച്ചു; വീട് അടിച്ചു തകർത്തു

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാർ മോചിപ്പിച്ചു. വ‍ഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ മോചിപ്പിച്ചത്. പൂട്ടിയിട്ടതിനു പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് വിവരം.

മലയാലപ്പുഴ മൂന്നാം വാർഡ്‌ ലക്ഷംവീട് കോളനിക്കു സമീപം പ്രവർത്തിക്കുന്ന ‘വാസന്തിയമ്മ മഠ’ത്തിൽ നിന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്. ഇവരെ മോചിപ്പിക്കാനെത്തിയവർ മന്ത്രവാദിനിയായ ശോഭനയുടെ വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

എലന്തൂർ നരബലി കേസ് ഉയർന്നുവന്ന സമയത്ത് ശോഭനയ്‌ക്കെതിരെയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഇരകളാക്കി ആഭിചാരക്രിയകൾ നടത്തിയതിന് ശോഭനയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. മന്ത്രവാദത്തിനിടെ കുട്ടി ബോധംകെട്ട്‌ വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ഇതേ മന്ത്രവാദിനി ഒരു സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇതേ വീട്ടിലാണ് ഇപ്പോൾ രണ്ടു സ്ത്രീകളെയും കുഞ്ഞിനെയും പൂട്ടിയിട്ടതിന്റെ പേരിൽ നാട്ടുകാർ വീണ്ടും പ്രശ്നമുണ്ടാക്കിയത്. തട്ടിപ്പു കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും കുഞ്ഞിനെയുമാണ് മന്ത്രവാദിനിയുടെ വീട്ടിൽ തടഞ്ഞുവച്ചത്.

ഇക്കഴിഞ്ഞ ജനുവരി മുതൽ ഇവർ മന്ത്രവാദ ക്രിയകൾക്കായി ഇവിടെ എത്തിയിരുന്നതായി പറയുന്നു. പൂജാ ക്രിയകൾക്കിടെ പലവട്ടം മർദിച്ചിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10,000 രൂപ കിട്ടാനുണ്ടെന്നും അത് നൽകാതെ ഇവരെ മോചിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് പൂട്ടിയിട്ടത്. 

ശോഭന വീട്ടിലില്ലാതിരുന്ന സമയത്ത് ഇവർക്കൊപ്പമുള്ള കുഞ്ഞാണ് ജനലിലൂടെ പുറത്തുനിന്നുള്ളവരുടെ സഹായം തേടിയത്. തങ്ങളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും കുട്ടി അറിയിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. വിവരമറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് ഇവർ മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. ഇതിനിടെ മലയാലപ്പുഴ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker