തൃശ്ശൂർ: അശ്ലീലചർച്ചകൾ റെക്കോഡ് ചെയ്ത് യൂട്യൂബിൽ പ്രചരിപ്പിക്കുന്നത് സൈബർ പോലീസിന്റെ ശ്രദ്ധയിൽ. ശ്രവ്യപ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിൽ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരിൽ കേസൊന്നും എടുത്തിട്ടില്ല. എന്നാൽ, അതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ക്ലബ്ബ് ഹൗസിൽ ഓപ്പൺ റൂമുകളിൽ അർധരാത്രിയോടെ നടക്കുന്ന ഇത്തരം ചർച്ചകളുടെ മോഡറേറ്റർമാരുടെ പ്രൊഫൈൽ ഫോട്ടോകളും വിവരങ്ങളും വ്യാജമായിരിക്കും. എന്നാൽ, ഈ റൂമുകളിൽ കേൾവിക്കാരായി കയറുന്നവരുടെ എണ്ണം നൂറുകണക്കിനാണ്.
റൂമുകളിൽ ഇരിക്കുന്ന ആളുകളുടെ ചിത്രങ്ങളടക്കം സംസാരം റെക്കോഡ് ചെയ്യാൻ ക്ലബ്ബ് ഹൗസിൽ സൗകര്യമുണ്ട്. റൂമുകളിൽ ജോയിൻ ചെയ്യുന്നവരുടെ പ്രൊഫൈൽ ഐ.ഡി.കൾ ദൃശ്യങ്ങളിൽ റെക്കോഡ് ചെയ്യുന്നവയിൽപ്പെടും.
യൂട്യൂബിൽ ഇട്ട് പണം സമ്പാദിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. നാലുലക്ഷംപേർവരെ കണ്ട വീഡിയോകൾ കൂട്ടത്തിലുണ്ട്. എന്നാൽ, യൂട്യൂബ് ഇത്തരം വീഡിയോകൾക്ക് പണം നൽകുന്നില്ല. ക്ലബ്ബ് ഹൗസുകളിൽ ഇത്തരം ചർച്ചകൾക്ക് നേതൃത്വംകൊടുക്കുന്നവരുടെ പ്രൊഫൈലുകൾ കമ്പനിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യവും പോലീസിന്റെ പരിഗണനയിലുണ്ട്.