ചണ്ഡീഗഢ്: ഹരിയാണയില്‍ പശു സംരക്ഷകരുടെ വെടിയേറ്റ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഫരിദാബാദ് സ്വദേശി ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് സംശയിച്ച് ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഗന്ധ്പുരിയില്‍ കഴിഞ്ഞ 23-നായിരുന്നു സംഭവം.
പശുക്കടത്ത് നടത്തിയവര്‍ രണ്ട് കാറുകളിലായി നഗരം വിടുന്നതായുള്ള വിവരം പശു സംരക്ഷകർക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് അവർ പശുക്കളെ കടത്തിയവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഈ സമയത്താണ് സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്‍ഷിത്തിനുമൊപ്പം ആര്യന്‍ സഞ്ചരിച്ച വാഹനം പട്ടേല്‍ചൗക്കില്‍വെച്ച് പശു സംരക്ഷക സംഘത്തിന്റെ കണ്ണില്‍പ്പെടുന്നത്.
പശു സംരക്ഷകർ ആര്യനോടും സംഘത്തോടും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിര്‍ത്തിയില്ല. ഷാങ്കിയോട് ശത്രുത പുലര്‍ത്തുന്ന സംഘമാകാം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് കരുതിയാണ് ആര്യനും സംഘവും വാഹനം നിര്‍ത്താതിരുന്നത്. തുടര്‍ന്ന് പശു സംരക്ഷക സംഘം 30 കിലോമീറ്ററോളം ദൂരം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയുണ്ട ആര്യന്റെ കഴുത്തിലാണ് കൊണ്ടത്. കാര്‍ നിര്‍ത്തിയതിന് പിന്നാലെയും പ്രത്യാക്രമണം ഭയന്ന് പശു സംരക്ഷകർ വീണ്ടും വെടിയുതിര്‍ത്തിരുന്നു എന്നാണ് വിവരം. എന്നാല്‍, കാറിനുള്ളില്‍ സ്ത്രീകളെ കണ്ടതോടെ തങ്ങള്‍ക്ക് ആളുമാറിപ്പോയെന്ന് പശു സംരക്ഷക സംഘത്തിന് മനസ്സിലായി. തുടര്‍ന്ന് ഇവര്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.
ആര്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. ആര്യനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഴുവന്‍ ആളുകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ആര്യനുനേര്‍ക്ക് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.