![](https://breakingkerala.com/wp-content/uploads/2024/09/Children-below-two-years-of-age-do-not-need-TV-or-phone-Swedens-strict-advice-to-parents.webp)
സ്റ്റോക്‌ഹോം: ടെലിവിഷനിൽ കാർട്ടൂൺ ചാനലോ സ്മാർട്ട്ഫോണിൽ വീഡിയോകളോ കാണിച്ചാൽമാത്രമേ പലകുഞ്ഞുങ്ങളും ഭക്ഷണംപോലും കഴിക്കൂ എന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ, സ്വീഡനിൽ അതിന് മാറ്റംവരും. രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന കർശന നിർദേശം അച്ഛനമ്മമാർക്ക് നൽകിയിരിക്കുകയാണ് സ്വീഡിഷ് സർക്കാർ.
രണ്ടിനും അഞ്ചിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂർവരെ സ്ക്രീനിൽനോക്കാൻ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആറുമുതൽ 12 വയസ്സുവരെ ഉള്ളവർക്ക് അത് ഒന്നുമുതൽ രണ്ടുമണിക്കൂർവരെയാണ്. 13-18 വരെയുള്ള കൗമാരക്കാർക്ക് 2-3 മണിക്കൂർ സ്ക്രീൻ സമയമാണ് അനുവദിച്ചിട്ടുള്ളത്.
സ്കൂൾസമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർവരെ ഒരുദിവസം സ്ക്രീനിനുമുന്നിൽ സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്‌മെഡ് പറഞ്ഞു. കുഞ്ഞുങ്ങൾ കായികപ്രവൃത്തികളിലേർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരിൽ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനം. അമിത മൊബൈൽ ഫോണുപയോഗം കുട്ടികളിൽ ശാരീരികപ്രശ്നങ്ങൾക്കൊപ്പം വിഷാദമടക്കമുള്ള മാനസികപ്രയാസങ്ങളുമുണ്ടാക്കുന്നെന്നും മന്ത്രാലയം പറഞ്ഞു.
കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സിന്റെ നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്.
ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്.
മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സയന്റിഫിക് ജേര്‍ണലായ ഹെല്‍ത്ത്കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.
കുട്ടികൾ കരയുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, കാറിൽ ഇരിക്കുമ്പോഴോ ഒക്കെ മൊബൈൽ ഫോൺ കൊടുക്കുന്ന ശീലം നിർത്തണം. പകരം അവരെ മറ്റുപല ഹോബികളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും സജീവരാക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു.ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാകാറുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാനാകും