സീറ്റ് തന്നില്ലെങ്കില്‍ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് വനിതാ നേതാവ്; കോഴിക്കോട് കോണ്‍ഗ്രസിന് തലവേദനയായി വിവാദ ഓഡിയോ ക്ലിപ്പ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കോഴിക്കോട് കോണ്‍ഗ്രസ് നേതാവിന്റെ രഹസ്യബന്ധം പുറത്തുവിടുമെന്ന ഭീഷണിയുമായി വനിതാ നേതാവ്. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് വനിതാ നേതാവിന്റെ ഓഡിയോ സന്ദേശം. ജില്ലയിലെ പ്രമുഖനേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രുപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്.

ജില്ലയില്‍ സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും തമ്മില്‍ പിടിവലി നടക്കുന്നതിനിടെയാണ് ഐ ഗ്രൂപ്പിലെ നേതാക്കള്‍ തമ്മില്‍ തര്‍ക്കവും ഭീഷണിയുമുണ്ടായത്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവയ്ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണമെന്നും അവര്‍ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറയുന്നു.

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം എങ്ങുമെത്താതെ ഇഴയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News